രഞ്ജി: ബംഗാളിനെതിരെ കേരളം പൊരുതുന്നു; മൂന്ന് വിക്കറ്റുകൾ നഷ്ടം

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. അർധസെഞ്ചുറിയടിച്ചു നിൽക്കുന്ന സഞ്ജു സാംസണാണ് കേരള ഇന്നിംഗ്സിനെ മുന്നോട്ടു നയിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുത്തിട്ടുണ്ട്. സഞ്ജു സാംസണും (50) റോബിൻ ഉത്തപ്പ (13)യുമാണ് ക്രീസിൽ.
തിരുവനന്തപുരം സെൻ്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. പൊന്നം രാഹുലും ജലജ് സക്സേനയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 15 റൺസ് വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. 5 റൺസെടുത്ത രാഹുലിനെ വിക്കറ്റ് കീപ്പർ ശ്രീവത്സവ് ഗോസ്വാമിയുടെ കൈകളിലെത്തിച്ച ഇഷാൻ പോറലാണ് കേരളത്തിന് ആദ്യ പ്രഹരമേല്പിച്ചത്. ഏറെ വൈകാതെ ജലജ് സക്സേനയും (9) ഗോസ്വാമിയുടെ കൈകളിൽ അവസാനിച്ചു. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്.
പിന്നാലെ, സഞ്ജു സാംസണും സച്ചിൻ ബേബിയും ക്രീസിൽ ഒത്തു ചേർന്നു. ഈ സഖ്യത്തിനും ഏറെ ആയുസുണ്ടായില്ല. മൂന്നാം വിക്കറ്റിൽ 38 റൺസെടുത്ത സഖ്യം അശൊക് ഡിണ്ടക്ക് മുന്നിൽ കീഴടങ്ങി. കഴിഞ്ഞ മത്സരത്തിലെ ഹീറോയും കേരള ക്യാപ്റ്റനുമായ സച്ചിൻ ബേബിയെ ക്ലീൻ ബൗൾഡാക്കിയാണ് ഡിണ്ട കേരളത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. സച്ചിൻ ബേബി പുറത്തായതിനു പിന്നാലെ സഞ്ജുവിന് പിന്തുണയുമായി ഉത്തപ്പ ക്രീസിലെത്തി.
ഇന്നിംഗ്സിൻ്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജുവിന് ഉത്തപ്പ പിന്തുണ നൽകിയതോടെ കേരള ഇന്നിംഗ്സ് കരകയറാൻ തുടങ്ങി. നാലാം വിക്കറ്റിൽ ഇതുവരെ സഞ്ജു-ഉത്തപ്പ സഖ്യം ഇതുവരെ 41 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 73 പന്തുകളിൽ 8 ബൗണ്ടറികളോടെ 50 റൺസെടുത്ത സഞ്ജുവും 34 പന്തുകളിൽ രണ്ട് ബൗണ്ടറികളോടെ 13 റൺസെടുത്ത ഉത്തപ്പയും പുറത്താവാതെ നിൽക്കുന്നു.
Story Highlights: Ranji Trophy, Kerala, Bengal, Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here