Advertisement

അടിയന്തരാവസ്ഥകാലത്ത് ഇതിലും സ്വാതന്ത്ര്യമുണ്ടായിരുന്നു: കെമാല്‍ പാഷ

December 20, 2019
Google News 0 minutes Read

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റീസ് ബി കെമാല്‍ പാഷ. അടിയന്തരാവസ്ഥകാലത്ത് ഇതിലും സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് കെമാല്‍ പാഷ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. അത് നിഷേധിക്കാനാവില്ല. ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ അറിയുന്നതിനുള്ള അവസരം നഷ്ടമായി. അങ്ങനെയുള്ളപ്പോള്‍ ജനാധിപത്യം പുലരുമോ. ബംഗളൂരുവിലെ വാര്‍ത്ത പ്രസിദ്ധപ്പെടുത്തേണ്ട, റിപ്പോര്‍ട്ട് ചെയ്യേണ്ട എന്ന കാഴ്ചപ്പാട് അപകടകരാണ്. വാര്‍ത്തകള്‍ മൂടിവയ്ക്കാനുള്ള ശ്രമം അടിച്ചമര്‍ത്തലാണ്.

അടിയന്തരാവസ്ഥ കാലത്ത് പോലുമില്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണ്. ജനങ്ങളുടെ വാ മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എന്ത് അക്രമമാണ് കാണിച്ചത്? അക്രമം നടത്തിയവരെ കസ്റ്റഡിയിലെടുക്കണം. പക്ഷേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരെ തടയുന്നത് നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടിലയെയും കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുമ്പിലാണ് പത്രപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നത്. മറ്റ് മലയാളം ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here