Advertisement

പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈയിൽ പടുകൂറ്റൻ റാലി; കമൽ ഹാസൻ പങ്കെടുത്തില്ല

December 23, 2019
Google News 2 minutes Read

പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈയിൽ പ്രതിപക്ഷ പാർട്ടികളുടെ പടുകൂറ്റൻ റാലി. നിയമം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ വ്യക്‌തമാക്കി. മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ റാലിയിൽ പങ്കെടുത്തില്ല. അതേസമയം, കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ രാജ്ഘട്ടിന് മുന്നിൽ സത്യാഗ്രഹം നടത്തും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ചെന്നൈയിൽ സംഘടിപ്പിച്ച മഹാറാലിയിൽ പതിനയ്യായിരത്തോളം പേർ പങ്കെടുത്തു. നിയമത്തെ അനുകൂലിച്ച എഐഎഡിഎംകെ സർക്കാർ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം, കെ.എസ്. അളഗിരി, എംഡിഎംകെ അധ്യക്ഷൻ വൈകോ, സിപിഐഎം, സിപിഐ നേതാക്കൾ, മുസ്‌ലിം ലീഗ് നേതാവ് ഖാദർ മൊഹിദീൻ തുടങ്ങിയവർ മഹാറാലിക്ക് നേതൃത്വം നൽകി.

സഖ്യകക്ഷികളുമായി ആലോചിച്ച ശേഷം വൻപ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പറഞ്ഞു.

അതേസമയം, മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മഹാറാലിക്കെത്തിയില്ല. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച്‌ കമൽ ഹാസൻ തന്നെ സംഘാടകർക്ക് കത്ത് നൽകിയിരുന്നുവെന്നും റാലിക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ചുവെന്നും മക്കൾ നീതി മയ്യം നേതാവ് ഡോ. മഹേന്ദ്രൻ പ്രതികരിച്ചു. മഹാറാലിയോട് അനുബന്ധിച്ച് കനത്ത സുരക്ഷാസന്നാഹമാണ് ചെന്നൈ നഗരത്തിൽ ഏർപ്പെടുത്തിയത്. അതേസമയം, ഡൽഹിയിലെ ഉത്തർപ്രദേശ് ഭവന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയ സർവകലാശാലക്ക് മുന്നിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. ഉത്തർപ്രദേശിലെ മുസാഫർപുരിൽ അറുപത്തിയേഴ്‌ കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു. പ്രതിഷേധക്കാർ ഈ കടകളിൽ സംഘടിച്ചിരുന്നുവെന്ന് ആരോപിച്ചാണ് നടപടി.

Story Highlights: MK Stalin, Citizenship Amendment Act, National Register of Citizens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here