‘ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്’: പി ശ്രീരാമകൃഷ്ണൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാർലമെന്റ് പാസാക്കിയാൽ അത് നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും സ്പീക്കർ കൊച്ചിയിൽ വ്യക്തമാക്കി.
അതിനിടെ പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോൺഗ്രസിന് തന്റെ നിലപാടുകളെ വിമർശിക്കാൻ അവകാശമുണ്ട്. എന്നാൽ അതുകൊണ്ട് അഭിപ്രായം മാറ്റാനാവില്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാൽ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവർണറുടെ മുൻ നിലപാട്.
അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ഇന്നും തുടരും. അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്ഘട്ടിലാണ് കോൺഗ്രസ് ധർണ്ണ. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് മണി വരെയുള്ള പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here