പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം ശക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം ശക്തം. ജാമിയ മിലിയയില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന്‍ പ്രവര്‍ത്തകരും ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മീററ്റില്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. നേതാക്കള്‍ ബുധനാഴ്ച വീണ്ടും മീററ്റില്‍ എത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
മണ്ഡി ഹൗസില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ഡല്‍ഹി പൊലീസ് ആദ്യം അനുമതി നല്‍കിയില്ല. മേഖലയില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് സംഘാടകരുമായി ചര്‍ച്ച നടത്തിയ ശേഷം അനുവാദം നല്‍കുകയായിരുന്നു. സമരത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന്‍ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. രാജ്യത്തിന് ഇന്നാവശ്യം തൊഴില്‍ ഇല്ലാത്തവരുടെ റജിസ്റ്റര്‍ ആണെന്നും ദേശീയ പൗരത്വ റജിസ്റ്റര്‍ അല്ലെന്നും സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here