ബുംറ രഞ്ജി കളിക്കുമെന്ന് സെലക്ഷൻ കമ്മറ്റി; നാളെ കേരളത്തിനെതിരെ കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്

ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ടീമിൽ ഉൾപ്പെട്ട സ്റ്റാർ പേസർ ജസ്പ്രീത് ബുംറ രഞ്ജി ട്രോഫി കളിക്കുമെന്ന് സെലക്ഷൻ കമ്മറ്റി ചെയർമാൻ എംഎസ്കെ പ്രസാദ്. പരുക്കിനെത്തുടർന്ന് ടീമിനു പുറത്തായിരുന്ന ബുംറ രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കണമെന്നാണ് നിർദ്ദേശം. നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ കേരളത്തിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബുംറ കളിച്ചേക്കുമെന്നാണ് വിവരം.
ആഭ്യന്തര മത്സരങ്ങളിൽ ഗുജറാത്തിനു വേണ്ടിയാണ് ബുംറ കളിക്കുന്നത്. അതുകൊണ്ട് തന്നെ നാളെ നടക്കുന്ന രഞ്ജി ട്രോഫി മൂന്നാം റൗണ്ടിൽ കേരളത്തിനെതിരെ ഗുജറാത്ത് ഇറങ്ങുമ്പോൾ ടീമിൽ ബുംറ കൂടി ഉണ്ടാവുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര പരമ്പരകൾക്കു മുൻപ് കായികക്ഷമതയും ഫോമും തെളിയിക്കേണ്ടത് ആവശ്യമായതു കൊണ്ട് തന്നെ ബുംറ കേരളത്തിനെതിരെ പന്തെറിഞ്ഞേക്കും. അതേ സമയം, നിശ്ചിത ഓവറുകൾ മാത്രം എറിയാനുള്ള അനുവാദം മാത്രമാണോ ബുംറക്ക് ഉള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഗുജറാത്ത് നിരയിൽ ബുംറയുണ്ടെങ്കിൽ കേരളം വിയർക്കും. ഡൽഹിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തിട്ടും സമനില വഴങ്ങേണ്ടി വന്ന കേരളം ബംഗാളിനെതിരെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിന് ജയം അനിവാര്യമാണ്. എന്നാൽ ഗുജറാത്ത് നിരയിൽ ബുംറയുണ്ടെങ്കിൽ കേരളം പരുങ്ങലിലായേക്കും.
വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ നാട്ടിൽ നടന്ന പരമ്പരക്ക് ശേഷമാണ് ബുംറ പരുക്കേറ്റു പുറത്തായത്. തുടർന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക പരമ്പരകൾ ബുംറക്ക് നഷ്ടമായിരുന്നു.
Story Highlights: Jasprit Bumrah, Kerala, Ranji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here