ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടർ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ ടെന്നീസ് താരവും ഒളിംപിക്സ് മെഡൽ ജേതാവുമായ ലിയാണ്ടർ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു. 2020 ഓടെ തന്റെ കരിയറിനോട് വിട പറയുമെന്നാണ് ക്രിസ്തുമസ് ആശംസകളറിയിച്ച് കൊണ്ട് പേസ് ട്വിറ്ററിൽ കുറിച്ചത്.
‘2020-ൽ തെരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കുകയുള്ളു. എന്നിരുന്നാലും ടീമിനൊപ്പം യാത്ര ചെയ്യും. ലോകമെമ്പാടുമുള്ള തന്റെ എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷമാക്കുമെന്നും ‘വൺ ലാസ്റ്റ് റോർ’ എന്ന ടാഗിൽ ഇക്കാലമത്രയുമുള്ള ഓർമകൾ പങ്കെവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും നേടിയ ലിയാണ്ടർ പേസിനെ രാജ്യം രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് വിജയങ്ങൾ നേടിയിട്ടുള്ള താരമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here