Advertisement

ഇന്ത്യൻ ജനതയെ ആശങ്കയിലാഴ്ത്തി പൗരത്വ രജിസ്റ്റർ സംബന്ധിച്ച അനുബന്ധ നീക്കങ്ങൾ

December 25, 2019
Google News 1 minute Read

പൗരത്വ രജിസ്റ്റർ സംബന്ധിച്ച ചർച്ച ഇപ്പോൾ നടക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുമ്പോഴും അനുബന്ധ നീക്കങ്ങൾ വ്യാപകമായ ആശങ്കയാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിക്കുന്ന വിവരങ്ങൾ പൗരത്വ രജിസ്റ്ററിനും അധാരമാക്കാം എന്നതാണ് ഇതിന് കാരണം. എൻആർസി അനവസരത്തിൽ ചർച്ചയാക്കിയെന്ന് പാർട്ടിയിൽ ഉയരുന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലുള്ള തന്ത്രമായി കൂടി ജനസംഖ്യാ രജിസ്റ്റർ പുതുക്കാനുള്ള തിരുമാനത്തെ പരിഗണിക്കാം.

എൻആർസി എന്ന പ്രഖ്യാപിത അജണ്ടയ്ക്ക് കോടതി ഉത്തരവ് വഴി അവസരം ഒരുങ്ങിയപ്പോൾ രാജ്യവ്യാപകമായി രാഷ്ട്രീയ ആയുധം ലഭിക്കും എന്നായിരുന്നു ബിജെപി വിലയിരുത്തൽ. പക്ഷേ പട്ടികയിൽ പ്രതിക്ഷിച്ചതിനെക്കാൾ കൂടുതൽ കുടിയേറ്റക്കാരായി ഹിന്ദുക്കൾ ഉൾപ്പെട്ടപ്പോൾ ബിജെപിയുടെ ലക്ഷ്യം പാളി. തുടർന്നാണ് സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ പൗരത്വ ഭേഭഗതി ആശയം സർക്കാരിന് നൽകിയത്. ഈ ഘട്ടത്തിൽ പ്രസ്തുത നിയമം നടപ്പാക്കുന്നത് വരെ എൻആർസിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാനായിരുന്നു തീരുമാനം. സാമ്പത്തിക തൊഴിൽ മേഖലകളിൽ ഉണ്ടായ തിരിച്ചടി അയോധ്യ വിഷയത്തിലെ അനുകൂല സാഹചര്യത്തിന് ഉപരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നൽകാൻ പാകത്തിൽ ശക്തമാകുന്ന അവസ്ഥയിലേക്കാണ് സാഹചര്യങ്ങളെ എത്തിച്ചത്. ഇതിന് പ്രതിവിധിയായിട്ടായിരുന്നു തത്ക്കാലം ഉന്നയിക്കേണ്ട എന്ന് തീരുമാനിച്ച എൻആർസി പാർട്ടി അധ്യക്ഷൻ അമിത് ഷാ ഏകപക്ഷീയമായി ചർച്ചയാക്കിയത്.

Read Also : ‘ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല’; നരേന്ദ്ര മോദി

പൗരത്വ ഭേഭഗതി പാർലമെന്റിൽ പാസായതൊടെ ഇത് സംഘപരിവാർ പ്രതീക്ഷകളെ തെറ്റിക്കുന്ന വിധത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കാരണമാകുകയും ചെയ്തു. ഈ വീഴ്ചയ്ക്ക് എതിരെ പാർട്ടിയ്ക്കുള്ളിൽ കടുത്ത പ്രതിഷേധമാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതുകൊണ്ട് തന്നെ എൻആർസി നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള ബാധ്യതയും അമിത്ഷായ്ക്ക് മുകളിൽ നിക്ഷിപ്തമാക്കുന്നു. ഇതിനെ തുടർന്നാണ് എൻആർസി ഇപ്പോൾ ചർച്ചയല്ലെന്ന അമിത്ഷായുടെ നിലപാട്.

എന്നാൽ അത് ഈ സർക്കാരിന്റെ കാലത്ത് പാർലമെന്റിന്റെ മേശപ്പുറത്ത് എത്തില്ല എന്ന് പറയാൻ ആഭ്യന്തരമന്ത്രി തയ്യാറായിട്ടും ഇല്ല. ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന സർക്കാരിന് അസം വിഷയത്തിലെ പോലെ ഒരു കോടതി ഉത്തരവ് ഉണ്ടായാൽ ദിവസങ്ങൾക്കുള്ളിൽ കരട് പൗരത്വ രജിസ്റ്റർ ഉണ്ടാക്കാൻ ഈ ശേഖരിക്കുന്ന വിവരങ്ങൾ തന്നെ ധാരാളമാണ്. ബിജെപിയുടെ മുതിർന്ന നേതാക്കൾ നൽകുന്ന സൂചനകളും ഈ സർക്കാരിന്റെ കാലത്ത് തന്നെ പൗരത്വ രജിസ്റ്റർ പ്രഖ്യാപിക്കുമെന്ന് തന്നെ. അതായത് എൻആർസി വിഷയത്തിൽ ഒരു ചുവട് പിന്നിലേക്ക് വയ്ക്കുന്നു എന്ന പ്രതീതി കേന്ദ്രസർക്കാർ ഉണ്ടാക്കുന്നത് കൂടുതൽ കൈയ്യടക്കത്തോടെ എൻആർസിക്കായുള്ള നടപടികൾ പൂർത്തിയാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്ന സൂചനയെ നൽകുന്നത്.

Story Highlights- NRC, Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here