Advertisement

വിമാനവാഹിനി കപ്പലിലെ ഹാർഡ് ഡിസ്‌ക് മോഷണം; എങ്ങുമെത്താതെ എൻഐഎ അന്വേഷണം

December 26, 2019
Google News 2 minutes Read

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരുന്ന വിമാനവാഹിനി കപ്പലിലെ ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി മൂന്ന് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം. നാവികസേനക്ക് വേണ്ടി രാജ്യത്ത് നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലായതിനാലാണ് രാജ്യസുരക്ഷയെ കരുതി അന്വേഷണം എൻഐഎ ഏറ്റെടുത്തത്. ചില വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ പരിശോധന നടത്തുകയും 13000 ത്തിലധികം വിരലടയാളങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. എജൻസി അന്വേഷണം ഏറ്റെടുത്ത് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പുരോഗതി റിപ്പോർട്ടൊന്നും പിന്നീട് സമർപ്പിച്ചിട്ടില്ല. മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ ലോക്കൽ പൊലീസാകട്ടെ കേസ് എൻഐഎ ഏറ്റെടുത്തതോടെ പിൻവാങ്ങിയ മട്ടാണ്.

Read Also: ‘സിനിമാക്കാർ ഇൻകം ടാക്സ് അടക്കാതിരിക്കുന്നുണ്ടോ എന്നറിയില്ല’; സന്ദീപ് വാര്യരെ തള്ളി ശോഭാ സുരേന്ദ്രൻ

ഇക്കഴിഞ്ഞ സെപ്റ്റംബർ 16 നാണ് ഷിപ്പ് യാർഡ് അധികൃതർ മോഷണം നടന്നതായി പൊലീസിൽ പരാതി നൽകുന്നത്. കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എസ്പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. മറ്റ് വസ്തുക്കൾ ഒന്നും മോഷ്ടിക്കാതെ കംപ്യൂട്ടറിൽ വിവരങ്ങൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌ക് എടുത്തത് സംശയാസ്പദമാണ്. കരാർ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ അന്വേഷണം നടന്നത്. സംശയിക്കുന്നവരുടെ ഫോണുകൾ നിരീക്ഷിച്ചിരുന്നു. എന്നാൽ, തുമ്പൊന്നും കിട്ടിയില്ല. വർക്ക്സൈറ്റിൽ സിസിടിവി കാമറകൾ ഉണ്ടെങ്കിലും കപ്പലിനുള്ളിലില്ല.

സംഭവത്തിൽ അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്. കപ്പൽ നേവിക്ക് കൈമാറാത്തതിനാൽ തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണ് നേവിയുടെ വാദം. കപ്പൽശാലയുടെ ഉടമസ്ഥതയിലുള്ളതാണ് നഷ്ടപ്പെട്ട ഹാർഡ് ഡിസ്‌കുകൾ.

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരുന്ന വിമാന വാഹിനി കപ്പലിൽ നിന്ന് നാല് ഹാർഡ് ഡിസ്‌കുകളും പ്രൊസസ്സറും റാമുമാണ് മോഷണം പോയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഹാർഡ് ഡിസ്‌കുകളിൽ ഉണ്ടായിരുന്ന കപ്പലിന്റെ രൂപ രേഖയാണ് നഷ്ടമായതെന്ന് വ്യക്തമായത്. രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കപ്പലിലെ കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്.

 

 

 

cochin shipyard, ship robbery, nia investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here