ജാമിഅ മില്ലിയ സംഘർഷം: പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാല

യൂണിവേഴ്‌സിറ്റിയിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ജാമിഅ മില്ലിയ സർവകലാശാല കേന്ദ്രസർക്കാരിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ടുയരുന്ന നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാനവവിഭവശേഷി വകുപ്പിനാണ് വൈസ് ചാൻസിലർ നജ്മ അക്തർ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്.
Read Also: ജാമിഅ മില്ലിയ വിദ്യാർത്ഥികൾക്ക് മാർച്ചിന് അനുമതിയില്ല; മാണ്ഡിയിൽ നിരോധനാജ്ഞ
ഡിസംബർ 15, 16 തിയ്യതികളിലെ പൊലീസ് നടപടി എത്ര പരിശോധിച്ചിട്ടും ന്യായീകരിക്കാൻ സാധിക്കാത്തതാണ് മുഖവുരയോടെയാണ് കത്ത്. സർവകലാശാലയിൽ പ്രവേശിക്കാൻ പൊലീസ് അനുവാദം ചോദിക്കുകയോ ആരും നൽകുകയോ ചെയ്തിട്ടില്ല. യൂണിവേഴ്‌സിറ്റിയിൽ കടന്ന പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചത് മുൻവിധിയോടെ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു. സംഘർഷം നിയന്ത്രിക്കാനുള്ള വിധത്തിലല്ല, ഉണ്ടാക്കാൻ നിശ്ചയിച്ചാണ് പുറപ്പെട്ടത് എന്ന് വ്യക്തമാക്കും വിധമായിരുന്നു നടപടികൾ. ഈ സാഹചര്യത്തിൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് വൈസ് ചാൻസലറുടെ ആവശ്യം. യൂണിവേഴ്‌സിറ്റിക്കെതിരായി വിവിധ കോണുകളിൽ പടരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ ഇതനിവാര്യമാണ്. ജുഡീഷ്യൽ അന്വേഷണം സാധ്യമായില്ലെങ്കിൽ മാനവ വിഭവശേഷി വകുപ്പ് ഉന്നത സംഘം അന്വേഷണം നടത്തണം. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച മാനവവിഭവശേഷി മന്ത്രാലയം ഇക്കാര്യത്തിൽ എന്ത് തുടർനടപടികളാകുമുണ്ടാകുകയെന്നത് സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയില്ല.
അതേസമയം, പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകപ്രക്ഷോഭം നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടി സ്ഥാപക ദിനമായ മറ്റന്നാൾ സംസ്ഥാന തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് റാലികൾ നടത്തും. പ്രക്ഷോഭം ഒരു ഘട്ടത്തിൽ ശക്തമായി നടന്ന അസമിൽ റാലിയെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയാകും നയിക്കുക. ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും പങ്കെടുക്കും. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കാനും സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
jamia millia, judicial enquiry on police action, vice chancellor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here