ഐഎസ്എല്ലില്‍ നാളെ ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം റൗണ്ടിലേക്ക് കടന്ന സീസണില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള ഓരോ മത്സരഫലവും നിര്‍ണായകമാണ്.
എടികെയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിലെ മധുരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൊച്ചിയില്‍ മതിമറന്ന് ആഘോഷിച്ചിട്ടില്ല. തോല്‍വികളും സമനിലകളും ഗ്യാലറികളെ ശൂന്യമാക്കിയതോടെ ടീം മനേജ്‌മെന്റിന്റെ ആത്മവിശ്വാസത്തിനും മങ്ങലേറ്റിരിക്കുകയാണ്. 9 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി പരുങ്ങുകയാണെങ്കിലും കോച്ച് എല്‍ക്കോ ഷാട്ടോരി പ്രതീക്ഷയിലാണ്. സമയം വൈകിയട്ടില്ലെന്നാണ് ഷാട്ടോരിയുടെ അഭിപ്രായം. ടീമംഗങ്ങളുടെ പരുക്കാണ് ഷാട്ടോരിയുടെയും ടീമിന്റെയും വെല്ലുവിളി.
8 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റും ഭദ്രമായ അവസ്ഥയിലല്ല. നാളെ ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നതോടെ ആദ്യറൗണ്ട് പൂര്‍ത്തിയാക്കുന്ന നോര്‍ത്ത് ഈസ്റ്റിന് ആദ്യമത്സരങ്ങളിലെ മികവ് കൈമോശം വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്ന ഷാട്ടോരിയുടെ സംഘത്തെ തോല്‍പ്പിച്ച് തന്നെ ആദ്യനാലിലേക്കുള്ള കുതിപ്പിന് തുടക്കമിടാനാണ് നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമം. ആരൊക്കെ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങുമെന്ന് കോച്ച് സൂചന നല്‍കിയില്ലെങ്കിലും എതിര്‍ ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി ഷാട്ടോരി കരുക്കള്‍ നീക്കമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ.
Story Highlights- kerala blasters vs Northeast United tomorrow, ISL 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here