ട്രക്ക് ഡ്രൈവറെ ബന്ധിച്ച ശേഷം ആറംഗ സംഘം 102 ചാക്ക് ഉള്ളി കവർന്നു

ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ആറംഗ സംഘം 102 ചാക്ക് ഉള്ളി കവർന്നെന്നു പരാതി. ഉത്തർപ്രദേശിലെ അലഹബാദിൽ നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കാണ് ആയുധധാരികളായ ആറംഗ സംഘം കൊള്ളയടിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബീഹാറിലെ കയ്മൂര്‍ ജില്ലയിൽ വെച്ചാണ് സംഭവം നടന്നത്. ട്രക്ക് ഡ്രൈവർ ദേശ് രാജാണ് കവർച്ചയെപ്പറ്റി പൊലീസിനെ അറിയിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ അക്രമികൾ തന്നെ ബന്ദിയാക്കി ഉള്ളിച്ചാക്കുകൾ മോഷ്ടിക്കുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. 10 മണിക്ക് ബന്ദിയാക്കിയ തന്നെ പുലർച്ചെ രണ്ട് മണിക്കാണ് ഇവർ മോചിപ്പിച്ചതെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. തന്നെ കെട്ടിയിട്ടതിനു ശേഷം അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തു വെച്ച് മോചിപ്പിച്ചു. തുടർന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നെന്ന് മനസ്സിലായതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ബിഹാറില്‍ ഉള്ളിവില കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഉള്ളി വില വർധിച്ചതോടെ രാജ്യത്തിൻ്റെ പല ഭാഗത്തും സമാനമായ കവർച്ച റിപ്പോർട്ട് ചെയ്യപെട്ടിരുന്നു. ബീഹാറിനെ തന്നെ കയ്മൂർ ജില്ലയിൽ ഈ മാസാദ്യത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 64 ചാക്ക് വെളുത്തുള്ളിയാണ് മോഷ്ടിച്ചത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചില്ല.
Story Highlights: Onion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here