കലൂരിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നഗരസഭയുടെ അറവുശാല

കൊച്ചി നഗര ഹൃദയത്തിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നഗരസഭയുടെ അറവുശാല. കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് അറവുശാല പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നടക്കുന്ന അറവ് മുതൽ മാലിന്യം പുറന്തള്ളുന്നതിൽ വരെ ഗുരുതര വീഴ്ചയാണ് നഗരസഭ വരുത്തിയിട്ടുള്ളത്.
യാതൊരു ആധുനിക സംവിധാനവും ഇല്ലാതെയാണ് അറവുശാലയുടെ പ്രവർത്തനം. പ്രാകൃതമായ രീതിയിലാണ് ഇവിടെ കശാപ്പ് നടക്കുന്നത്. ആടുമാടുകളെ കശാപ്പ് ചെയ്യുന്ന ചോരയും അവശിഷ്ടങ്ങളും നേരെ കാനയിലേക്ക് തള്ളുകയും ഇവ ഒഴുകി പേരണ്ടൂർ കനാലിൽ എത്തുകയും ചെയ്യുന്നു. അറവുശാലയുടെ തൊട്ടടുത്ത് തന്നെ ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ടെങ്കിലും മൗനാനുവാദമുണ്ട് എല്ലാത്തിനും.
അതേസമയം അറവുശാലയുടെ മറവിൽ നഗരമധ്യത്തിൽ തുകൽ സംസ്‌കരണശാലയും രഹസ്യമായി പ്രവർത്തിപ്പിക്കുന്നുണ്ട്. പരാതികൾ ഉയരുന്നപക്ഷം താത്കാലിക ശുചീകരണം നടത്തി കണ്ണിൽ പൊടിയിടുകയാണ് പതിവ്. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം എല്ലാം പഴയപടിയാകുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here