ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നിഴൽ യുദ്ധം നടത്തുകയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ; ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നിഴൽ യുദ്ധം നടത്തുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസിൽ ചരിത്രകാരൻ ഇർഫാൻ ഹബീബ് കൈയേറ്റത്തിന് ശ്രമിച്ചു. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്ന വിവരം അറിഞ്ഞിട്ടില്ല. നിയമം മുറുകെ പിടിക്കാൻ താൻ ബാധ്യസ്ഥനെന്നും ഗവർണർ ട്വന്റി ഫോറിനോട് പറഞ്ഞു. ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്.
രാജ്യത്തെ നിയമം പാലിക്കാൻ കേരളവും ബാധ്യസ്ഥരെന്ന് ഗവർണർ. താൻ ഗവർണർ പദവിയിൽ ഉള്ളിടത്തോളം നിയമവാഴ്ച മുറുകെ പിടിക്കും. സംസ്ഥാന സർക്കാരുമായി തനിക്ക് പ്രശ്‌നമില്ല. ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിൽ മുഖ്യമന്ത്രി നിഴൽ യുദ്ധം നടത്തുകയാണ് ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമ സഭ പ്രമേയം പാസാക്കാൻ പോകുന്ന കാര്യം അറിയില്ല. കേട്ടുകേൾവിക്ക് പ്രതികരിക്കാനുമില്ല.
തന്നെ വിമർശിക്കാൻ എല്ലാവർക്കും അധികാരമുണ്ട്. അതവരുടെ സ്വാതന്ത്ര്യം. കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായി. സംഘാടകരാണ് ഉത്തരവാദികൾ. ചരിത്രകാരൻ ഇർഫാൻ ഹബീബ് പേരുകേട്ട ചരിത്രകാരനാകാം.
എന്നാൽ, പെരുമാറാൻ അറിയില്ല. അലിഗഡിൽ പഠിക്കുമ്പോഴേ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാത്ത കടുംപിടുത്തക്കാരനായിരുന്നു അദ്ദേഹം. താൻ ചരിത്രം വളച്ചൊടിച്ചിട്ടില്ല. അധികാരം തനിക്ക് പ്രശ്‌നവുമല്ല. ഷാബാനു കേസിൽ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചതാണ് താൻ. ഭരണഘടന പാലിക്കാമെന്നാണ് താൻ സത്യ പ്രതിജ്ഞ ചെയ്തതെന്നും ഗവർണർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here