‘പൊതു ഇടം എന്റേതും’; രാത്രി നടത്തത്തിന് വൻ സ്വീകാര്യത

നിർഭയ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ് ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യം ഉയർത്തി വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ഇന്നലെ രാത്രി 11 മുതൽ പുലർച്ചെ ഒരുമണിവരെ നടന്ന രാത്രി നടത്തത്തിൽ ആവേശത്തോടെ മധ്യ കേരളത്തിലെ വനിതകൾ പങ്കാളികളായി.
കൊച്ചിയിൽ മേയർ സൗമിനി ജയിന്റെ നേതൃത്വത്തിലാണ് പാലാരിവട്ടം ജംഗ്ഷനിൽ നിന്നും രാത്രി നടത്തം ആരംഭിച്ചത്. വിവിധയിടങ്ങളിൽ നിന്നെത്തിയ സ്ത്രീകൾ കൊച്ചിയിൽ പാലാരിവട്ടം, പോണേക്കര, പുന്നക്കൽ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതമുള്ള സംഘങ്ങളായി തിരിഞ്ഞ് ചങ്ങമ്പുഴ പാർക്കിലേക്ക് നടന്നു. രാത്രി നടത്തം സ്ത്രീ സുരക്ഷയെ മുന്നിൽ കണ്ട് കൊണ്ടുള്ള പ്രതീകാത്മക നടപടിയാണെന്ന് മേയർ സൗമിനി ജയിൻ വ്യക്തമാക്കി.
ചങ്ങമ്പുഴ പാർക്കിൽ സംഘങ്ങളായി തിരിഞ്ഞു പാട്ട് പാടിയ സ്ത്രീകൾക്കൊപ്പം മേയറും ചേർന്നു. പിരിയും മുൻപ് സ്ത്രീകൾ ഒരുമിച്ചു മെഴുകുതിരികൾ കത്തിച്ച് പ്രതിജ്ഞ ചൊല്ലി. വൈകിയെത്തിയ സബ് കളക്ടർ മാധവികുട്ടി മെഴുകുതിരി പ്രതിജ്ഞക്ക് നേതൃത്വം നൽകി.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാത്രി നടത്തം. 100ലധികം സ്ത്രീകൾ വിവിധയിടങ്ങളിൽ നിന്ന് നടന്ന് അഞ്ചു വിളക്കിലെത്തി. പാട്ടു പാടി കേക്ക് മുറിച്ചാണ് സ്ത്രീക്ക് പിരിഞ്ഞു പോയത്. തൃശൂരിൽ 47 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.
കളക്ട്രേറ്റിൽ ഒത്തു ചേർന്ന കോർപറേഷൻ പരിധിയിലെ സ്ത്രീകൾ മെഴുകുതിരി തെളിയിച്ച് പ്രതിജ്ഞ ചൊല്ലി. ചിലയിടങ്ങളിൽ ബൈക്കിലെത്തിയ യുവാക്കളിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതായി പരാതിയുയർന്നു. എംഎൽഎ ഗീത ഗോപി , തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ അടക്കം നിരവധി സ്ത്രീകൾ നിർഭയ നടത്തത്തിന്റെ ഭാഗമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here