Advertisement

ഇന്ത്യന്‍ രാഷ്ട്രീയം 2019 ല്‍ സാക്ഷ്യം വഹിച്ച പ്രധാന കരുനീക്കങ്ങള്‍

December 31, 2019
Google News 1 minute Read

ഇന്ത്യയില്‍ അസാധാരണമായ രാഷ്ട്രീയ നീക്കങ്ങളുടെ നീണ്ട പട്ടികയുമായാണ് 2019 വിടപറയുന്നത്. മോദി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചത് 2019 ലായിരുന്നു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഗോവയിലും നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കും 2019 അരങ്ങോരുക്കി. രാജ്യം ചര്‍ച്ച ചെയ്ത ആ പ്രധാന രാഷ്ട്രീയ നീക്കങ്ങള്‍

ഗോവയുടെ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് അധികാരമേറ്റു

മാര്‍ച്ച് 19 ന് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് അധികാരമേറ്റു. ഏറെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ 1.50 നായിരുന്നു സത്യപ്രതിജ്ഞ. ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. സഖ്യകക്ഷികളായ എംജിപിയുടെ സുദിന്‍ ധവാലികര്‍, ജിപിഎഫിന്റെ വിജയ് സര്‍ദേശായ് എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ; വീണ്ടും മോദി തരംഗം

ഏപ്രില്‍ 2 ന് ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. അഞ്ച് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി, കര്‍ഷകര്‍ക്കായി കിസാന്‍ ബജറ്റ്, വനിതാ സൗഹൃദ പദ്ധതി, തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഇടം പിടിച്ചു.

ഏപ്രില്‍ 8 ന് ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടപത്രിക, ‘സങ്കല്‍പ് പത്ര്’ എന്ന പേരില്‍ പുറത്തിറക്കി. ആറ് കോടി ജനങ്ങളുമായി നേരിട്ട് സംസാരിച്ചാണ് സങ്കല്‍പ് പത്ര് തയ്യാറാക്കിയതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചടങ്ങില്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍കോഡ്, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ക്കാണ് പ്രകടനപത്രികയില്‍ പ്രാമുഖ്യം.

Read also  :ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ 2019ലെ സുപ്രധാന വിധികൾ

മെയ് 19 ന് പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 29 സംസ്ഥാനങ്ങളിലും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 543 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 8,026 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായ 67.11 ശതമാനം രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ 61 കോടി ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചു. ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.

മെയ് 23 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി തരംഗം. ആകെയുള്ള 543 മണ്ഡലങ്ങളില്‍ 303 ഇടത്ത് ബിജെപി വിജയിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേട്ടം 52 സീറ്റുകളില്‍ ഒതുങ്ങി. കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി തൂത്തുവാരി.

മെയ് 25 ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പാര്‍ട്ടിയുടെ നവീകരണത്തിന് കടുത്ത നടപടികള്‍ വേണമെന്ന് നാലു പേജുള്ള രാജികത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മെയ് 30 ന് തുടര്‍ച്ചയായി രണ്ടാം തവണയും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. മോദിക്കൊപ്പം 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റു

ജൂണ്‍ 1 ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റു. ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ ഇതോടെ രണ്ടാം മോദി സര്‍ക്കാരില്‍ നിര്‍ണായക അധികാര കേന്ദ്രമായി.

Read alsoപോയ വർഷം കരുത്ത് തെളിയിച്ച വനിതകൾ

പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി നേതാവ് ഓം ബിര്‍ളയെ തെരഞ്ഞെടുത്തു

ജൂണ്‍ 19 ന് പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി നേതാവ് ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചതോടെ ഏകകണ്ഠമായാണ് ഓം ബിര്‍ളയെ തിരഞ്ഞെടുത്തത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പിയാണ് ഓം ബിര്‍ള.

ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത്

ജൂലൈ 21 ന് ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് എസ് സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രാജയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്നത്.

കര്‍ണാടകയിലെ ബിജെപി നീക്കങ്ങള്‍

ജൂലൈ 23 ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണു. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 99 പേര്‍ കുമാരസ്വാമി സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍, 105 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 16 ഭരണപക്ഷ എം എല്‍ എമാര്‍ രാജിവെച്ചതോടെയാണ് സര്‍ക്കാര്‍ ന്യൂനപക്ഷമായത്.

ജൂലൈ 26 ന് കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയും പാസാക്കി

ജൂലൈ 30 ന് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയും പാസാക്കി. 84 നെതിരെ 99 അംഗങ്ങളുടെ പിന്തുണയിലാണ് ബില്‍ രാജ്യസഭ കടന്നത്. ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിക്കുന്നതിനും കയ്യാങ്കളിക്കും സഭാതലം സാക്ഷിയായി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി

ജമ്മു കശ്മീരില്‍ നിരോധാജ്ഞ. അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന നിരോധാജ്ഞക്കൊപ്പം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണം. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും കരുതല്‍ തടങ്കലില്‍.

ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകളിലെ പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കി. രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് വ്യവസ്ഥകള്‍ റദ്ദാക്കിയത്. രാഷ്ട്രപതിയുടെ ഉത്തരവ് അംഗീകരിക്കാനുള്ള പ്രമേയം, കശ്മീര്‍ പുനസംഘനാ ബില്‍ എന്നിവ രാജ്യസഭയും പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇരു ബില്ലുകളും സഭയില്‍ അവതരിപ്പിച്ചത്.

ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളായി മാറി

സെപ്തംബര്‍ 16 കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഓഗസ്റ്റ് 5 മുതല്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണെന്ന് വെളിപ്പെടുത്തല്‍. കശ്മീരിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഫാറൂഖ് അബ്ദുള്ളയെ തങ്ങള്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ ലോക്‌സഭയില്‍ നല്‍കിയ മറുപടി.

ഓക്ടോബര്‍ 31 ന് ജമ്മു കശ്മീര്‍ സംസ്ഥാനം ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി മാറി. ജി സി മുര്‍മു ജമ്മു കശ്മീരിലെയും രാധാകൃഷ്ണ മാഥൂര്‍ ലഡാക്കിലെയും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍മാരായി ചുമതലയേറ്റു. നവംബര്‍ 2 ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ രേഖപ്പെടുത്തി ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റിയ പശ്ചാത്തലത്തിലാണ് സര്‍വേയര്‍ ജനറല്‍ പുതിയ ഭൂപടം തയ്യാറാക്കിയത്. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28ഉം കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഒന്പതുമായി. ഓഗസ്റ്റ് 6 ന് പാക് അധീന കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടേതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍ വിഭജന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.

സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ\

ഓഗസ്റ്റ് 10 ന് സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് ഇടക്കാല അധ്യക്ഷയായി സോണിയയെ തെരഞ്ഞെടുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും പ്രവര്‍ത്തക സമിതി അംഗീകരിച്ചു.

പി ചിദംബരം അറസ്റ്റില്‍

ഓഗസ്റ്റ് 21 ഐഎന്‍എക്‌സ് മാക്‌സ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റില്‍. ഏറെ നാടകീയമായാണ് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പില്‍ കയറിയത്.

ഹരിയാനയില്‍ വീണ്ടും ബിജെപി

ഒക്ടോബര്‍ 27 ന് ഹരിയാനയില്‍ ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ആറംഗങ്ങളുടെ കുറവുണ്ടായിട്ടും ജെജെപിയെയും സ്വതന്ത്രന്മാരെയും ഒപ്പം നിര്‍ത്തിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്.

അയോധ്യാ വിധി

നവംബര്‍ 9 ന് അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് കൈമാറാന്‍ സുപ്രിംകോടതി വിധി. മസ്ജിദ് നിര്‍മിക്കാന്‍ അയോധ്യയില്‍ തന്നെ പ്രധാന സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. 1979ല്‍ മസ്ജിദില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും 1992ല്‍ മസ്ജിദ് തകര്‍ത്തതും നിയമലംഘനമാണെന്നും കോടതി വിലയിരുത്തി.

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി

നവംബര്‍ 14 ന് റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്. മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി

നവംബര്‍ 23 നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയും. രാവിലെ 7.50ന് രജ്ഭവനില്‍ അധികമാരും അറിയാതെയാണ് ഇരുവരും അധികാരമേറ്റത്.
നവംബര്‍ 26 മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെച്ചു. പരസ്യ വോട്ടിലൂടെ ഉടന്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് തിരിച്ചടിയായതോടെയാണ് ഇരുവരും രാജിവെച്ചത്. നവംബര്‍ 28 ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരണം. താക്കറെ കുടുംബത്തില്‍ നിന്ന് അധികാര പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ്.

പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍

ഡിസംബര്‍ 12 ന് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. 2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രിസ്തുമത വിശ്വാസികള്‍ക്ക് പൗരത്വം ലഭിക്കുമെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ മുസ്‌ലിംകളെ ഒഴിവാക്കിയതും പൗരത്വത്തിന് മതം മാനദണ്ഡമാക്കിയതും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.

പൗരത്വ നിയമ ഭേദഗതിെക്കതിരെ ഡിസംബര്‍ 16 മുതല്‍ രാജ്യവ്യാപകമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തി പ്രാപിച്ചു. രാജ്യമെങ്ങും കനത്ത വിദ്യാര്‍ത്ഥി പ്രതിഷേധം. ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം അലിഗഢ്, ഡല്‍ഹി, ഹൈദരാബാദ്, ജാദവ്പുര്‍ സര്‍വകലാശാലകള്‍, മുംബൈ ടിസ്സ്, ബെംഗളൂരു ഐഐഎം, ബനാറസ് ഹിന്ദു സര്‍വകലാശാല തുടങ്ങി രാജ്യത്തെ പ്രധാന ക്യാംപസുകളില്ലൊം ആളിപ്പടര്‍ന്നു.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി; ജെഎംഎം നേതാവി
ഹേമന്ത് സോറന്‍ അധികാരമേറ്റു

ഏറ്റവുമൊടുവില്‍ ഡിസംബര്‍ 29 ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ അധികാരമേറ്റു. സംസ്ഥാനത്തിന്റെ 11ാമത്തെ മുഖ്യമന്ത്രിയാണ് സോറന്‍. 81 അംഗ സഭയില്‍ 47 സീറ്റുകള്‍ നേടിയാണ് ജെ.എം.എംകോണ്‍ഗ്രസ്എല്‍ജെഡി സഖ്യം ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here