പോയ വർഷം കരുത്ത് തെളിയിച്ച വനിതകൾ

1. ലോക നേതാക്കളെ വിറപ്പിച്ചവൾ ഗ്രേറ്റ തുൻബർഗ്
കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടി വേണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായ പെൺകുട്ടി, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗ്. യുഎൻ ഉച്ചകോടിയിൽ ലോക നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ചാണ് പോയ വർഷം ഗ്രേറ്റ വാർത്തകളിൽ ഇടം നേടിയത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളുടെ മുഖത്തു നോക്കി, പൊള്ളത്തരങ്ങൾ പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ഗ്രേറ്റ ചോദിച്ചത്.
എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളിൽ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാർലമെന്റിന് മുന്നിൽ പരിസ്ഥിതിക്കായി സമരം ചെയ്താണ് ഗ്രേറ്റ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്.
2. കോൺഗ്രസ് തലപ്പത്തേക്ക് പ്രിയങ്കാ ഗാന്ധി
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസിന്റെ തലപ്പത്തേക്ക് പ്രിയങ്കാ ഗാന്ധി എത്തിയ വർഷമായിരുന്നു 2019. ജനുവരി 24നായിരുന്നു പ്രിയങ്കാ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയായിരുന്നു പ്രിയങ്കാ ഗാന്ധിക്ക് നൽകിയത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതല ഏറ്റെടുക്കുകയും ചെയ്തു.
Read Also: രാണു മൊണ്ടാൽ മുതൽ കുതിരപ്പുറത്തേറിവന്ന കൃഷ്ണ വരെ..പോയ വർഷം ഒറ്റ ക്ലിക്കിൽ വൈറലായ 7 പേർ
3. ഇടപെടലുകൾകൊണ്ട് ശ്രദ്ധേയയായി കെ കെ ശൈലജ ടീച്ചർ
ഇങ്ങനെയാവണം ഒരു മന്ത്രി എന്ന തലവാചകത്തോടെ ഒരുപാട് പേർ പങ്കുവയ്ക്കുന്ന ചിത്രമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റേത്. ഭീതി പടർത്തി വീണ്ടും നിപ എത്തിയപ്പോൾ അതിന്റെ മുന്നിൽ നിന്ന് നയിക്കാൻ മന്ത്രി കാണിച്ച നേതൃത്വഗുണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ശൈലജ ടീച്ചർ മികച്ച ഇടപെടലാണ് നടത്തുന്നത്. സഹായം അഭ്യർഥിച്ച് ഫേസ്ബുക്കിലിട്ട യുവാവിന്റെ അപേക്ഷയ്ക്ക് കൃത്യമായ നടപടിയെടുത്ത് ശൈലജ ടീച്ചർ കയ്യടി നേടിയിരുന്നു.
4. ജാമിഅ മില്ലിയയിലെ പോരാട്ട വീര്യം ആയിഷ റെന്ന
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാർത്ഥിനി, മലപ്പുറം സ്വദേശിനി ആയിഷ റെന്ന. ജാമിഅ മില്ലിയിയിൽ സമരത്തിന് ആവേശം പകർന്നത് ആയിഷ റെന്നയായിരുന്നു.
സമരം തുടങ്ങുമ്പോൾ നാല് പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. എല്ലാ ഹോസ്റ്റലുകളിലും പോയി വിദ്യാർത്ഥികളെ സംഘടിപ്പിക്കാൻ ആയിഷ നേതൃത്വം നൽകി. പൊലീസിന് നേരെ വിരൽ ചൂണ്ടി പ്രതിഷേധിച്ച ആയിഷ റെന്നയെ ജാമിഅയിലെ പ്രതിഷേധത്തിന്റെ പ്രതീകമായി കണ്ടു. ആയിഷയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി പലരും പ്രതിഷേധത്തെ ഏറ്റെടുത്തിരുന്നു.
5. സുഡാൻസ് പ്രൊട്ടസ്റ്റ് ഐകൺ അല സല
സുഡാനിൽ സർക്കാരിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെ ശ്രദ്ധേയായ പെൺകുട്ടി, 22 കാരിയായ അല സല. ആയിരങ്ങൾ നോക്കി നിൽക്കെ കാറിന് മുകളിൽ കയറി അല സല ഉയർത്തിയ മുദ്രാവാക്യം സുഡാൻ ജനതയുടെ നെഞ്ചിലാണ് തറച്ചത്. സുഡാൻസ് പ്രൊട്ടസ്റ്റ് ഐക്കണായി മാറി അല സല. ഫോട്ടോഗ്രാഫറായ ലാന ഹറോൺ പകർത്തി പങ്കുവച്ച ചിത്രം വളരെ വേഗത്തിൽ വൈറലായി. നിരവധി പേർ ചിത്രം ഷെയർ ചെയ്യുകയും അലയ്ക്ക് പിന്തുണ നൽകി രംഗത്തെത്തുകയും ചെയ്തിരുന്നു.
6. ലോക സുന്ദരിയായി ജമൈക്കയുടെ ടോണി ആൻ സിംഗ്
2019 ലെ മിസ് വേൾഡ് പട്ടം ചൂടിയ ജമൈക്കൻ സുന്ദരി, ടോണി ആൻ സിംഗ്. ഫ്രാൻസിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള എതിരാളികളെ പിന്നിലാക്കിയാണ് ടോണി മിസ് വേൾഡ് പട്ടം സ്വന്തമാക്കിയത്. 23 കാരിയായ ടോണി ആൻ വുമൻസ് സ്റ്റഡീസ് ആന്റ് സൈക്കോളജി വിദ്യാർത്ഥിനിയാണ്. അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് ടോണി പഠിക്കുന്നത്.
ലോക സുന്ദരിയാകുന്ന നാലാമത്തെ ജമൈക്കൻ പെൺകുട്ടിയാണ് ടോണി. പാട്ടുപാടുക. ആഹാരം പാകം ചെയ്യുക, വ്‌ളോഗിംഗ്, സന്നദ്ധപ്രവർത്തനങ്ങൾ, എന്നിവയാണ് ടോണിയുടെ ഇഷ്ടങ്ങൾ.
7. വ്യോമസേനയിലെ ആദ്യ വനിത ഫ്ളൈറ്റ് എഞ്ചിനീയറായി ഹിന ജയ്സ്വാൾ
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യ വനിതാ ഫ്ളൈറ്റ് എഞ്ചിനീയറായി ചണ്ഡീഗഢ് സ്വദേശിനി ഹിന ജയ്‌സ്വാൾ. ബംഗളൂരു യെലഹങ്ക വ്യോമസേനാ ആസ്ഥാനത്തെ 112 ഹെലിക്കോപ്ടർ യൂണിറ്റിൽ നിന്ന് ആറുമാസത്തെ ഫ്ളൈറ്റ് എഞ്ചിനീയർ കോഴ്സ് പൂർത്തിയാക്കിയതാണ് ഹിന. ഡി.കെ. ജയ്സ്വാൾ, അനിത ജയ്സ്വാൾ ദമ്പതികളുടെ ഏക മകൾ.
2015 ജനുവരി അഞ്ചിനാണ് ഹിന വ്യോമസേനയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്.
8. സ്വവർഗാനുരാഗത്തിന് വേണ്ടി വാദിച്ച അഭിഭാഷകർ; മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും
സ്വവർഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ അഭിഭാഷകർ, മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും. കോടതിയിൽ നേടിയെടുത്തിയ വിജയത്തിന് ഒരു വയസാകുമ്പോൾ തങ്ങൾ പരസ്പരം പ്രണയിക്കുന്നവരാണെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തുവന്നിരുന്നു.
Read Also: 2019ലെ മികച്ച 24 ചിത്രങ്ങൾ
ഇരുവരുടേയും പോരാട്ടം സുപ്രിംകോടതിയുടെ ചരിത്ര വിധികളിൽ ഇടംപിടിച്ചു. സുപ്രിംകോടതി ജസ്റ്റിസായിരുന്ന മാർക്കണ്ഡേയ കട്ജുവിന്റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹൻ ഗുരുസ്വാമിയുടെ മകളാണ്.
9. വനിതാ മതിലിൽ കൈക്കുഞ്ഞുമായെത്തി അഭിമാനമായവൾ ആതിര
നവോത്ഥാനമൂല്യങ്ങൾക്ക് കാവൽ തീർത്ത് വനിതകളുടെ വൻമതിൽ സംസ്ഥാനമാകെ ഉയർന്നപ്പോൾ കൈക്കുഞ്ഞുമായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന യുവതിയുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എസ്എഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം ആതിരയാണ് കൈക്കുഞ്ഞുമായി കൂടെയുള്ളവർക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊടുത്തത്. 6 മാസം പ്രായമായ മകൾ ദുലിയ മൽഹാറിനെ കൈയിലെടുത്തായിരുന്നു ആതിര പരിപാടിയിൽ പങ്കെടുത്തത്. ആതിരയുടെ ചിത്രം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here