Advertisement

ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ 2019ലെ സുപ്രധാന വിധികൾ

December 31, 2019
Google News 2 minutes Read

വൻ രാഷ്ട്രീയ- സാംസ്‌കാരിക മാറ്റങ്ങളിലൂടെ ഇന്ത്യ കടന്നു പോയ വർഷമാണ് 2019. നീതിന്യായ വ്യവസ്ഥയിലും ഈ വർഷം നിരവധി ചലനങ്ങൾ ഉണ്ടായി. നമ്മുടെ പരമോന്നത നീതിപീഠം സങ്കീർണമായ കേസുകൾ 2019ൽ കൈകാര്യം ചെയ്തു. രഞ്ജൻ ഗൊഗോയ് ആയിരുന്നു സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. അദ്ദേഹവും അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ന്യായാധിപന്മാരും ഈ ദശാബ്ദത്തിലെ അവസാന വർഷം തീർപ്പുകൽപിച്ചതിൽ പ്രധാനമായ കേസുകൾ ഇതൊക്കെ,

അയോധ്യാ ഭൂമി തർക്കം

 

പതിറ്റാണ്ടുകൾ നീണ്ട അയോധ്യ ഭൂമി തർക്കക്കേസിന് സുപ്രിം കോടതി അന്ത്യവിധി കൽപിച്ചത് ഈ കഴിഞ്ഞ നവംബറിലാണ്. രാമജന്മഭൂമി നിയമാനുസൃതവും നീതിയുക്തവുമാണെന്നും കോടതി കൽപ്പിച്ചു. അയോധ്യാ കേസിൽ തർക്കഭൂമിയുടെ അവകാശം സർക്കാരിന് നൽകിക്കൊണ്ട് കോടതി ഉത്തരവിറക്കി. ഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയാൻ അനുമതി നൽകിയിട്ടുണ്ട്. ഒരു ബോർഡിന് കീഴിൽ മൂന്ന് മാസത്തിനകം ക്ഷേത്രം പണിയാനാണ് അനുമതി . ഇതിനൊപ്പം തന്നെ തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു.

Read Also: ഗ്യാലറിയിലെ ഫോട്ടോകള്‍ തട്ടിയെടുക്കുന്നു; പോയവര്‍ഷം ഗൂഗിള്‍ കണ്ടെത്തിയ ‘അപകടകാരികളായ’ ആപ്ലിക്കേഷനുകള്‍ ഇവ

വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെയും പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന്  പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഷിയാ വഖഫ് ബോർഡിന്റെയും, നിർമോഹി അഖാരയുടേയും ഹർജികൾ സുപ്രിംകോടതി തള്ളി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹർജിക്കാർക്കും തർക്കഭൂമി വീതിച്ചു നൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. നിലവിൽ 2.77 ഏക്കർ തർക്കഭൂമിയുടെ അവകാശം സർക്കാരിനാണ് അനുവദിച്ചിരിക്കുന്നത്.

134 വർഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങൾക്കുമാണ് ഇതോടെ തിരശീല വീണത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിനായിരുന്നു അവകാശവാദം. സങ്കീർണത നിറഞ്ഞ അയോധ്യാ ഭൂമിതർക്കക്കേസിൽ ചരിത്രവിധി പ്രസ്താവിച്ചത് സുപ്രിം കോടതി ഭരണഘടനാ ബഞ്ചിലെ അഞ്ച് സീനിയർ ജഡ്ജിമാരാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ചാണ് 40 മിനിറ്റ് നീണ്ട വിധി പ്രസ്താവം നടത്തിയത്. ഏകകണ്ഠമായാണ് അഞ്ച് പേരും വിധി എഴുതിയതെന്നതാണ് ഏറ്റവും വലിയ സവിശേഷതയായി വിലയിരുത്തപ്പെടുന്നത്. അവധി ദിവസമായ ശനിയാഴ്ച തന്നെ ചരിത്ര വിധി പ്രസ്താവത്തിനായി തെരഞ്ഞെടുത്തു എന്നതും അപൂർവതയായി. 40 ദിവസം തുടർച്ചയായി വാദം കേട്ട് ഒക്ടോബർ 16ന് വാദം അവസാനിപ്പിച്ച് വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

 

റഫാൽ കരാർ

 

ഒന്നാം ബിജെപി സർക്കാരിന്റെ കാലത്ത് ഉയർന്നു വന്ന ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്നു റഫാൽ യുദ്ധവിമാനക്കരാർ. ഫ്രാൻസിലെ ദസ്സാൾട്ട് ഏവിയേഷനുമായി ചേർന്ന് യുദ്ധവിമാനങ്ങൾ വാങ്ങിക്കാൻ ഏറ്റെടുത്ത കരാറിൽ രാജ്യം കണ്ടതിൽ വച്ചേറ്റവും വലിയ അഴിമതി നടന്നുവെന്നാണ് ആരോപണം. 2018ൽ കോടതി കേസിൽ മോദി സർക്കാരിന് ക്ലീൻ ചീറ്റ് നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ആ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളെല്ലാം നവംബർ 14ന് തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബെഞ്ചിലെ മറ്റംഗങ്ങൾ ജസ്റ്റിസുമാരായ എസ്‌കെ കൗൾ, കെഎം ജോസഫ് എന്നിവരായിരുന്നു.

കേസിൽ സുപ്രിംകോടതി ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രധാനമന്ത്രിയെ ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തി കേസ് തള്ളിയതും ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ്. രാഹുൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. റഫാൽ കേസിൽ കോടതി ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രധാനമന്ത്രിയെ ‘കാവൽക്കാരൻ കള്ളനെന്ന്’ ആക്ഷേപിച്ചത് ചൂണ്ടിക്കാട്ടി ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്. നിജസ്ഥിതി അറിയാതെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശം ദൗർഭാഗ്യകരമായിപ്പോയെന്ന് ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയുള്ള സുപ്രിം കോടതി വിധി പുറത്തുവന്നത് 2018 ഡിസംബർ 14 നാണ്. ഇടപാടിലും കരാറിലും സംശയമില്ലെന്ന് കോടതി പറഞ്ഞിരുന്നു. റഫാലിന്റെ ഗുണനിലവാരത്തിലും സംശയമില്ല. യുദ്ധവിമാനങ്ങൾ ആവശ്യമെന്ന കാര്യത്തിൽ സംശയമില്ലെന്നും സർക്കാർ നടപടികളിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല.

 

ശബരിമല സ്ത്രീ പ്രവേശം

 

നവംബർ 14ന് സുപ്രിം കോടതി അഞ്ചംഗ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശ പുനഃപരിശോധനാ ഹർജി ഏഴംഗ വിശാല ബെഞ്ചിന് വിട്ട് ഉത്തരവിറക്കി. മത വിശ്വാസത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കോടതി പറഞ്ഞു. മുസ്ലീം പള്ളികളിലെയും പാർസി ദാവൂദി ബോറകളിലെയും സ്ത്രീ പ്രവേശം പോലെയുള്ള വിഷയം തന്നെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശവും. 65 പുനഃപരിശോധനാ ഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഉത്തരവ്. ആർത്തവം കാരണമാക്കിയുള്ള വേർതിരിവ് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതക്കെതിരാണെന്നും ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാവില്ലെന്നും അന്ന് അഞ്ചംഗ ബെഞ്ചിലെ നാല് പേരും പ്രസ്താവിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാർ ആർഎഫ് നരിമാൻ, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരായിരുന്നു. മതവിശ്വാസത്തിൽ കോടതി തീർപ്പ് കൽപ്പിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തിവച്ച് അളക്കരുതെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര അന്ന് വിധിയോട് വിയോജിച്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

 

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നായിരുന്നു സുപ്രിം കോടതിയുടെ മറ്റൊരു സുപ്രധാന വിധി. മുഖ്യ ന്യായാധിപന്റെ ഓഫീസിന്റെ സുതാര്യത ജനങ്ങൾ ആഗ്രഹിക്കുന്നതായും ഗെഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജഡ്ജി നിയമനത്തിലടക്കം ഇപ്പോഴത്തെ വിധി നിർണായകമായേക്കും. വിധിയോട് മൂന്ന് ജസ്റ്റിസുമാർ യോജിക്കുകയും രണ്ട് ജസ്റ്റിസുമാർ വിയോജിക്കുകയും ചെയ്തു.

2010 ലെ ഡൽഹി ഹൈക്കോടതി വിധി തന്നെയാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ശരി വച്ചത്. സുപ്രിംകോടതിയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൗരന്മാർ ആവശ്യപ്പെട്ടാൽ നൽകാൻ പരമോന്നത കോടതിക്കും ചീഫ് ജസ്റ്റിസിനും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. സുപ്രിം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട ഹർജിയിലായിരുന്നു 2010ലെ ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രിം കോടതിയും ‘പബ്ലിക് അതോറിറ്റി’യാണെന്നും വിധിയിൽ പറയുന്നു.

ബെഞ്ചിലെ മറ്റ് അംഗങ്ങൾ ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദീപക് ഗുപ്ത, എൻവി രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു.ജഡ്ജിമാരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ പ്രവർത്തകനായ എസ്‌സി അഗർവാളാണ് ആവശ്യപ്പെട്ടത്.

2020ലും നിരവധി സുപ്രധാന വിഷയങ്ങളിൽ സുപ്രിം കോടതി വാദം കേൾക്കും. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത്, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളാണ് കോടതിയുടെ നിയമപരിധിയിലുള്ളത്.

 

 

supreme court important judgements in 2019

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here