Advertisement

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണാനുകൂല്യം

January 1, 2020
Google News 0 minutes Read

സംസ്ഥാനത്ത് നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണാനുകൂല്യം ലഭിക്കും. ശ്രീധരന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മാനദണ്ഡങ്ങള്‍ നിയമവകുപ്പിന്റെ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ചു.

ഇതോടെ സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ന്യൂനപക്ഷ പദവി ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും സംവരണാനുകൂല്യം ലഭിക്കും. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഉദ്യോഗങ്ങളില്‍ സംവരണമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാവുകയാണ്. എന്‍എസ്എസിന്റെ പിടിവാശിയും ഫലം കണ്ടു. ശബരിമല വിഷയത്തില്‍ അകന്ന എന്‍എസ്എസിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമം കൂടിയാണ് മുന്നാക്ക സംവരണത്തിനുള്ള മന്ത്രിസഭാ തീരുമാനം.

വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ കവിയാത്ത മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ട്. പഞ്ചായത്തില്‍ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയില്‍ 75 സെന്റും കോര്‍പ്പറേഷനില്‍ 50 സെന്റുമാണ് സംവരണത്തിന് ഭൂ പരിധി. സംസ്ഥാന സര്‍വീസ്, പൊതു മേഖലാ സ്ഥാപനങ്ങള്‍, ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗ സംവരണമുണ്ടാകും.

മൂന്നു വര്‍ഷം കൂടുമ്പോള്‍ പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ നിശ്ചയിക്കാനുള്ള മാനദണ്ഡം അവലോകനം ചെയ്യും. മുന്നാക്ക സമുദായ സംവരണം ഉറപ്പാക്കാന്‍ സെക്രട്ടേറിയറ്റില്‍ പരിശോധനാ സെല്‍ ഉണ്ടാകും. ദേവസ്വം ബോര്‍ഡില്‍ നേരത്തെ മുന്നാക്ക സംവരണം നടപ്പാക്കിയെങ്കിലും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചില്ലെന്ന് എന്‍എസ്എസ് വിമര്‍ശിച്ചിരുന്നു. പുതിയ തീരുമാനത്തോടെ എന്‍എസ്എസ് ഒപ്പം നില്‍ക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here