Advertisement

‘സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയാൽ പണമില്ലെന്നാണോ?’; താൻ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന റിപ്പോർട്ടുകൾ തള്ളി ചാർമിള

January 2, 2020
Google News 1 minute Read

താൻ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ട് തള്ളി നടി ചാർമിള. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയാൽ പണമില്ലെന്നാണോ കരുതേണ്ടതെന്ന് ചോദിച്ച താരം റിപ്പോർട്ടുകളിൽ പറയുന്നതു പോലെ തനിക്ക് അസ്ഥിരോഗം ഉണ്ടായിരുന്നില്ലെന്നും വിശദീകരിച്ചു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ചാർമിളയുടെ വിശദീകരണം.

“ഒരു തമിഴ് സിനിമാ ഷൂട്ടിംഗിൻ്റെ ഇടവേളയിലാണ് എനിക്ക് പരുക്കു പറ്റിയത്. അങ്ങനെ അസ്ഥിക്ക് പൊട്ടലുണ്ടായി. അതിൻ്റെ സർജറി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. ഞാൻ സാമ്പത്തികമായി ബുദ്ധുമുട്ടിലാണെന്ന വാർത്ത തെറ്റാണ്. നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. അതേപ്പറ്റി മുൻപ് പറഞ്ഞിട്ടുമുണ്ട്. പക്ഷേ, എല്ലാവർക്കും എല്ലാ കാലത്തും സാമ്പത്തിക പ്രശ്നം ഉണ്ടാവുമോ? എനിക്കിപ്പോൾ തമിഴിലും തെലുങ്കിലും സിനിമകൾ ലഭിക്കുന്നുണ്ട്. തമിഴില്‍ ഞാന്‍ അഭിനയിച്ച എട്ടോളം സിനിമകള്‍ പുതുവര്‍ഷത്തില്‍ പുറത്ത് ഇറങ്ങാനുണ്ട്. അതുകൊണ്ട് തത്കാലം സാമ്പത്തിക പ്രശ്നങ്ങളില്ല”- ചാർമിള പറഞ്ഞു.

തൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ടുകളെയും താരം തള്ളി. അസ്ഥിക്ക് പൊട്ടലുണ്ടായതു കൊണ്ട് കുറച്ചുകാലത്തേക്ക് ഡാൻസ് ചെയ്യാനും ഓടാനുമൊന്നും പറ്റില്ല. അതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള ഗുളിക കഴിച്ചിട്ടാണ്. വർഷങ്ങളായി കഴിക്കുന്നുണ്ട്. ഈ ഗുളികയുടെ ഫലമായി ആദ്യം തടിക്കുകയും പിന്നീട് മെലിയുകയും ചെയ്തു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇപ്പോൾ ഈ ഗുളിക കഴിക്കുന്നത് നിർത്തിയെന്നും ചാർമിള പറയുന്നു.

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതിനെത്തുടർന്നാണ് സാമ്പത്തിക സ്ഥിതി മോശമാണെന്ന വാര്‍ത്ത വന്നത്. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയാൽ സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടത്? ചെന്നൈയിലെ കുല്‍പ്പക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് താൻ ചികിത്സ തേടിയത്. തൻ്റെ അച്ഛൻ അവസാന നാളുകൾ ചെലവഴിച്ചത് ഇവിടെയായിരുന്നു. ഇവിടെയെത്തിയാൽ ഒപ്പം അച്ഛനുണ്ടെന്ന് തോന്നും. എല്ലാവർക്കും തമിഴ്നാട് സർക്കാരിൻ്റെ ഇൻഷൂറൻസ് കാർഡ് ഉണ്ട്. അതുപയോഗിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാം. നടികർ സംഘത്തിൻ്റെ കാർഡുപയോഗിച്ച് മറ്റു ആശുപത്രികളിലും ചികിത്സ തേടാം. തനിക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാനാണ് തോന്നിയതെന്നും ദക്ഷിണേന്ത്യൻ താരം പറയുന്നു.

അതേ സമയം, പ്രായമായ അമ്മയ്ക്കും മകനും ഒപ്പമാണ് താൻ താമസിക്കുന്നതെന്ന വാർത്ത ചാർമിള ശരി വെച്ചു. മകന് 11 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഒപ്പമുള്ള ജോലിക്കാരിക്ക് തന്നെ എഴുന്നേല്പിക്കാനും ഇരുത്താനുമൊന്നും പറ്റില്ല. സർക്കാർ ആശുപത്രിയിൽ ആയമാരുള്ളതുകൊണ്ട് ഇതൊക്കെ സഹായകമാകും. അതുകൊണ്ടും കൂടിയാണ് ഇവിടെ വന്നതെന്നും ചാർമിള പറയുന്നു.

Story Highlights: Charmila

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here