യോർക്കർ ഗുരു മലിംഗയല്ല, പിന്നെയോ?; ബുംറ പറയുന്നു

ഇന്ത്യയുടെ സ്റ്റാർ പേസറാണ് ജസ്പ്രീത് ബുംറ. യോർക്കറുകളുടെ കണിശതയിൽ ബുംറ സമകാലികരെയൊക്കെ ബഹുദൂരം പിന്നിലാക്കും. പലരും കരുതിയിരുന്നത് ബുംറയെ ഇത്ര കൃത്യതയോടെ യോർക്കർ എറിയാൻ പഠിപ്പിച്ചത് ശ്രീലങ്കയുടെ വെറ്ററൻ പേസറും മുംബൈ ഇന്ത്യൻസിൽ സഹതാരവുമായ ലസിത് മലിംഗ ആണെന്നാണ്. എന്നാൽ കാര്യം അങ്ങനെയല്ലെന്നാണ് ബുംറ പറയുന്നത്.

താൻ യോർക്കർ എറിയാൻ പഠിച്ചത് ടിവിയിൽ നിന്നാണെന്നാണ് ബുംറയുടെ വെളിപ്പെടുത്തൽ. അത് മാത്രമല്ല, ക്രിക്കറ്റിൽ താൻ ഇതു വരെയുള്ളതെല്ലാം പഠിച്ചതും ടിവിയിൽ നിന്നാണെന്ന് ബുംറ കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബുംറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇപ്പോഴും പഴയ വീഡിയോകൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും പോരായ്മകൾ മനസ്സിലാക്കി സ്വയം മറികടക്കാൻ ശ്രമിക്കാറുണ്ടെന്നും ബുംറ പറയുന്നു. പിഴവ് എവിടെയാണെന്ന് വീഡിയോ നോക്കിയാൽ മനസ്സിലാവും. അത് എങ്ങനെ മറികടക്കാമെന്നും അങ്ങനെ മനസ്സിലാക്കും. കളിക്കാനെത്തിയാൽ താൻ ഒറ്റക്കാണ്. അവിടെ സഹായിക്കാൻ ആരും ഉണ്ടാവില്ല. അതുകൊണ്ടാണ് തയ്യാറെടുപ്പുകളും സ്വയം നടത്തുന്നതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

ഏറെക്കാലം മലിംഗക്കൊപ്പം ഐപിഎൽ കളിച്ചതു കൊണ്ട് യോർക്കറുകളെറിയാൻ അദ്ദേഹമാണെന്ന് തന്നെ പഠിപ്പിച്ചതെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ അങ്ങനെയല്ല കാര്യം. കളിക്കളത്തിൽ അദ്ദേഹമെന്നെ ഒന്നിനെപ്പറ്റിയും പഠിപ്പിച്ചിട്ടില്ല. മറിച്ച്, മനസ്സിനെപ്പറ്റി മാത്രമാണ് മലിംഗ തന്നെ പഠിപ്പിച്ചത്. വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്നും എങ്ങനെ ദേഷ്യം നിയന്ത്രിക്കാമെന്നും മലിംഗയാണ് പഠിപ്പിച്ചത്. ഓരൊ ബാറ്റ്സ്മാനെതിരെയും എങ്ങനെയാണ് തന്ത്രങ്ങൾ മെനയേണ്ടതെന്നും അദ്ദേഹം പറഞ്ഞു തന്നു- ബുംറ പറയുന്നു.

പരിക്കു മൂലം ഏറെക്കാലമയി പുറത്തായിരുന്ന ബുംറ ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയോടെ കളിക്കളത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്.

Story Highlights: Jasprit Bumrah, Lasith Malinga

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top