തിരുവനന്തപുരത്ത് സൈനികന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
തിരുവനന്തപുരം അടിമലത്തുറ സ്വദേശിയായ സൈനികൾ സിലുവയ്യന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ബന്ധുക്കൾ. ഒരു വർഷം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സിലുവയ്യനെ അമിതമായി മദ്യം കഴിപ്പിച്ച് ബോധരഹിതനാക്കി കെട്ടിത്തൂക്കിയതെന്നാണ് അമ്മയുടെ ആരോപണം.
കഴിഞ്ഞ ജനുവരി 16 ന് രാത്രിയാണ് അടിമലത്തുറയിലെ വീട്ടിൽ സിലുവയ്യനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 15 ദിവസത്തെ ലീവിന് നാട്ടിലെത്തിയ സിലുവയ്യൻ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമാണ് താമസിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിലാണ് സിലുവയ്യന്റെ മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ട് പോയതിലടക്കം ദുരൂഹതയുണ്ടെന്നും, സിലുവയ്യന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
പൊലീസിന്റെ ഭാഗത്തു നിന്ന് കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. ആന്തരികാവയവങ്ങൾ ശേഖരിച്ചതിലടക്കം വീഴ്ച പറ്റിയതായി ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു.
വിശദമായ അന്വേഷണം ആവശ്യപ്പെട്ടതോടെ ഫോർട്ട് എ.സിക്ക് അന്വേഷണ ചുമതല കൈമാറി. ഒരു വർഷം പിന്നിട്ടിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here