കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തു

കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന കോട്ടയം ഗാന്ധിനഗർ എസ്.ഐ എം. എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. ക്രമസമാധാന രംഗത്ത് നിയമിക്കരുതെന്ന വ്യവസ്ഥയോടെയാണ് പുനർനിയമനം. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് ഷിബുവിനെ തിരിച്ചെടുത്തത്.
കെവിൻ കേസിലെ കോടതി വിധിയിൽ പരാമർശമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗർ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയത്. ക്രമസമാധാന രംഗത്ത് നിയമിക്കരുതെന്ന ഉപാധിയോടെയാണ് പുനർനിയമനം. ഷിബുവിനെ മുൻപ് തിരിച്ചെടുത്തത് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു.
കെവിനെ കാണാതായതിന് പിന്നാലെ പരാതിയുമായി അച്ഛൻ ജോസഫും നീനുവും ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ വിഐപി ഡ്യൂട്ടിയുണ്ടെന്ന കാരണം പറഞ്ഞ് എസ്.ഐ ഷിബു പരാതിയിൽ കാര്യമായ നടപടി സ്വീകരിച്ചില്ല. തട്ടിക്കൊണ്ട് പോയത് ആരാണെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും പറഞ്ഞിട്ടും കെവിനെ കണ്ടെത്താൻ തയ്യാറാകാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറേ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ ഷിബുവിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കണ്ടെത്തിയത്. പിന്നീട് പിരിച്ചുവിടൽ നോട്ടീസ് നൽകുകയും വിശദീകരണം വാങ്ങുകയും ചെയ്തിരുന്നു. കെവിൻ വധക്കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജില്ലാ പൊലീസ് മേധാവി മുതൽ സിവിൽ പൊലീസുകാർ ഉൾപ്പെടെ പതിനഞ്ചോളം പൊലീസുകാർക്കെതിരെ അച്ചടക്ക നടപടിയുമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here