യേശുദാസിന്റെ ഗാനമേളകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന ‘കട്ട ഫാൻ’ ബേബിച്ചൻ

ചങ്ങനാശേരി സ്വദേശി ബേബിച്ചന്റെ നെഞ്ചിനകത്ത് മാത്രമല്ല, വീടിനകത്തും നിറയെയുള്ളത് ഗാനഗന്ധർവന്റെ പാട്ടുകളാണ്. സ്വന്തം ഗാനമേളകൾ റെക്കോർഡ് ചെയ്യാൻ യേശുദാസ് അവകാശം നൽകിയ ഒരേ ഒരാളാണ് ബേബി തോമസ്. ഗായകന്റെ പക്കൽ പോലുമില്ലാത്ത വിലപ്പെട്ട റെക്കോർഡുകൾ നിധി കാക്കും പോലെ ഇദ്ദേഹം കാത്ത് സൂക്ഷിക്കുന്നു.
ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ 1966 മുതൽ തുടങ്ങിയതാണ് ഗാനഗന്ധർവനോടുള്ള ആരാധന. ഗാനമേള കഴിഞ്ഞ് വീട്ടിലെത്തിയാലും പാട്ടുകൾ കേൾക്കണമെന്ന ആഗ്രഹമാണ് റെക്കോർഡിംഗ് എന്ന ഐഡിയയിലെത്തിച്ചത്. ഇതിനുള്ള അനുമതി യേശുദാസിൽ നിന്ന് തന്‍റെ ചെറുപ്പകാലത്ത് തന്നെ ബേബിച്ചന്‍ ചോദിച്ച് വാങ്ങിയെടുത്തു.
Read Also: യേശുദാസ് ആരാധനയിൽ അധ്യാപകൻ വീട്ടിൽ നിർമിച്ചത് മ്യൂസിക് ലൈബ്രറി; കൈയിലുള്ളത് അപൂർവ ശേഖരം
1966 മുതൽ 1974 വരെ എട്ട് വർഷം യേശുദാസിനെ വിടാതെ പിന്തുടർന്നായിരുന്നു റെക്കോർഡിംഗ്. ഗാനങ്ങൾ തേടിയുള്ള യാത്രയിൽ നേരിട്ട രസകരമായ ഒട്ടേറെ അനുഭവങ്ങളും ഇദ്ദേഹത്തിന് പങ്കുവെക്കാനുണ്ട്. ഒരിക്കൽ പൊലീസ് ക്ലബിൽ വച്ച് ഗാനമേള റെക്കോർഡ് ചെയ്ത ബേബിച്ചനെ എസ്പി ശ്രദ്ധിച്ചു. എസ്പി പിന്നീട് റെക്കോർഡ് ചെയ്ത പാട്ടുകൾ കേൾക്കണമെന്നാവശ്യപ്പെട്ടെങ്കിലും ബേബിച്ചൻ ശ്രദ്ധിച്ചില്ല. അടുത്ത ദിവസം വീട്ടിൽ പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അവിടെ പൊലീസെത്തി ബേബിച്ചനെയും റെക്കോർഡിനെയും പൊലീസ് ക്ലബിലേക്ക് കൊണ്ട് പോയി. ഗാനമേളയ്ക്ക് റെക്കോർഡ് ചെയ്ത പാട്ടുകൾ മുഴുവൻ കേട്ട ശേഷമാണ് വിട്ടയച്ചത്.
ഗാനമേള കേൾക്കാൻ അവധി ലഭിക്കാതെ വന്നതോടെ ജോലി ഉപേക്ഷിച്ചും ഈ ആരാധകൻ റെക്കോർഡിംഗിനെത്തി. ജീവിത പ്രാരാബ്ധങ്ങളിൽ ഗാനമേള വേദികൾ വിട്ട് തിരക്കിലായെങ്കിലും ജീവന്റെ മൂല്യം നൽകിയാണ് ബേബി തോമസ് ഈ അപൂർവ ശേഖരം സൂക്ഷിക്കുന്നത്. ഈ ആരാധകൻ യേശുദാസിന്റെ ഭാര്യ പ്രഭയ്ക്ക് പോലും ഈ റെക്കോഡിംഗുകൾ നൽകിയിട്ടില്ല.
ആദ്യ കാലം മുതൽ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന പ്രിയ ഗായകൻ ചങ്ങനാശേരിയിലെത്തിയാൽ ബേബിച്ചന്റെ വീട്ടിലെത്തി സ്വന്തം ഗാനങ്ങൾ കേൾക്കാതെ മടങ്ങില്ല. ഒരേ ദിവസമാണ് ആരാധകന്റെയും ഗാനഗന്ധർവന്റെയും ജന്മദിനമെന്നതും ശ്രദ്ധേയമാണ്. ഗന്ധർവ സംഗീതം ഇനിയും നൂറ് വർഷങ്ങൾ നിലയ്ക്കാതെ തുടരണമെന്ന് മാത്രമാണ് ബേബിച്ചന്റെ ഏക ആഗ്രഹം.
kj yesudas, baby thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here