‘ഫ്‌ളാറ്റായി’ നാല് ഫ്‌ളാറ്റുകള്‍; സര്‍ക്കാര്‍ നാളെ സുപ്രിംകോടതിയിലേക്ക്

തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭാ പരിധിയില്‍ നിര്‍മിച്ച നാല് ഫ്‌ളാറ്റുകളും പൊളിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയാണ് ഫ്‌ളാറ്റുകള്‍ തകര്‍ത്തത്.

അവസാന ഫ്‌ളാറ്റായ ഗോള്‍ഡന്‍ കായലോരവും തകര്‍ത്തതോടെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ക്കെതിരായ നിയമ നടപടി പൂര്‍ത്തിയായത്. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും തകര്‍ത്ത വിവരം നാളെ സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിക്കും. മരട് കേസില്‍ വിധി നടപ്പാക്കുന്നതില്‍ മെല്ലെപ്പോക്കിലായിരുന്ന സര്‍ക്കാര്‍ നയത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഹോളി ഫെയ്ത്ത് എച്ച്2ഒ, അല്‍ഫാ സെറിന്‍, ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ വമ്പന്‍ ആഢംബര ഫഌറ്റുകളാണ് അതിവിദഗ്ധമായ സാങ്കേതികവിദ്യയിലൂടെ ഒരു തരത്തിലുമുള്ള പാളിച്ചയുമില്ലാതെ തകര്‍ത്തത്.

ജനുവരി 11 – സമയം രാവിലെ 11.17

നിശ്ചയിച്ചതിലും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടത്തിയത്. ആദ്യ സൈറണ്‍ 10.32നും രണ്ടാമത്തെ സൈറണ്‍ 10.55നും മൂന്നാമത്തേത് 10.59നുമാണ് നല്‍കി. 1.17 ന് ബ്ലാസ്റ്ററില്‍ വിരലമര്‍ത്തിയതോടെ മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് കായലോരത്ത് പതിഞ്ഞു. 19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് തവിടുപൊടിയായി. 37 മുതല്‍ 42വരെ ഡിഗ്രി കോണളവിലാണ് ഫ്‌ളാറ്റ് നിലം പതിച്ചത്.

സമയം 11.44

ഇതിനകം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായ ആല്‍ഫ സെറീനില്‍, ഹോളിഫെയ്ത്ത് തകര്‍ത്ത് 26 മിനിറ്റിനകം തന്നെ സ്‌ഫോടനം നടന്നു. 11.44 ന് ആല്‍ഫ സെറീന്‍ നിലംപൊത്തി. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ രണ്ടു ടവറുകളിലും സ്‌ഫോടനം നടന്നത്. 11.40 ഓടെ ആല്‍ഫ സെറീനില്‍ ഒരു അലാറം മാത്രമാണ് മുഴങ്ങിയത്. ഇതിന് പിന്നാലെ തന്നെ സ്‌ഫോടനവും.

കായലിലേക്ക് വീഴാതെ തന്നെ കൃത്യമായി തന്നെ കെട്ടിട സമുച്ചയം തകര്‍ന്നടിഞ്ഞു. രണ്ട് ഫ്‌ളാറ്റുകളും പൊളിച്ച ശേഷം സുരക്ഷാപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം 12 മണിയോടെ അവസാന സൈറണും മുഴക്കി. ജനവാസമേഖലയായ ആല്‍ഫ സെറീനിലെ സ്‌ഫോടനം സമീപവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു.

ജനുവരി 12 – സമയം രാവിലെ 11.03

പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയംആയിരുന്നു ജയിന്‍ കോറല്‍ കോവ്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് കുറവില്ലായിരുന്നു. 10.30ന് ആദ്യ മുന്നറിയിപ്പ് സൈറണ്‍. 10.55 ന് രണ്ടാം സൈറണ്‍ മുഴങ്ങി. ഉദ്യോഗസ്ഥരുടെ അവസാന വട്ട സുരക്ഷാ പരിശോധന. കൃത്യം 11ന് മൂന്നാം സൈറണ്‍. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ബ്ലാസ്റ്റ് ഷെഡ്ഡിലേക്ക് എത്തി.നിമിഷങ്ങളുടെ ഇടവേളക്കിടെ സ്‌ഫോടനം.

11.03 ന് കിഴക്കുവശം ചരിഞ്ഞ്ജെയിന്‍ കോറല്‍ കോവ് നിലംപൊത്തി. ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം എട്ട് സെക്കന്റുകൊണ്ടാണ് നിലംപതിച്ചത്. നിശ്ചയിച്ച രീതിയില്‍ ഒമ്പത് മീറ്റര്‍ ചുറ്റളവിലുള്ള പ്രതലത്തിലേക്ക് കൃത്യമായി കെട്ടിടം തകര്‍ന്ന് വീണു. നൂറ് ശതമാനം കൃത്യതയോടെയാണ് കൂട്ടത്തിലെ ഭീമന്‍ ഫ്‌ലാറ്റ് തകര്‍ത്തത്.

സമയം ഉച്ചയ്ക്ക് 2.30

കണ്ണാടിക്കാടുള്ള ഗോള്‍ഡന്‍ കായലോരമാണ് അവസാനം സിമന്റുകൂനയായത്. നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകി 2.30 നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്. പൊളിക്കല്‍ ദിവസത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക തടസം കാരണം അരമണിക്കൂര്‍ വൈകി. കൃത്യം 2.30 ന് ബ്ലാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നതോടെ മരടിലെ അവസാന ഫ്‌ളാറ്റും കായലോരത്ത് ചരിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top