Advertisement

വിവിഐപികൾക്ക് സുരക്ഷയൊരുക്കാൻ ഇനി ‘ബ്ലാക് ക്യാറ്റ്’ ഇല്ല

January 13, 2020
Google News 1 minute Read

വിവിഐപികളുടെ സുരക്ഷാ ചുമതലകളിൽ നിന്ന് ‘ബ്ലാക് ക്യാറ്റ്’ എന്നു വിളിപ്പേരുള്ള എൻഎസ്ജി കമാൻഡോകളെ കേന്ദ്ര സർക്കാർ പൂർണമായി പിൻവലിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തെ വിവിഐപി, വിഐപികൾക്കു കാവലൊരുക്കുന്നതിന്റെ നിയന്ത്രണം എൻഎസ്ജി കമാൻഡോകൾക്കായിരുന്നു. കേന്ദ്ര തീരുമാനത്തിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരുടെ സുരക്ഷ എൻഎസ്ജിയിൽ നിന്ന്  പാരാമിലിറ്ററി വിഭാഗമായ സിആർപിഎഫിന്റെ കമാൻഡോ വിംഗ് ഏറ്റെടുത്തു.

അതിസുരക്ഷ വേണ്ടിയിരുന്ന ‘ഇസെഡ് പ്ലസ്’ കാറ്റഗറിയിലുള്ള 13 വ്യക്തികൾക്കാണ് നിലവിൽ രണ്ട് ഡസൻ കമാൻഡോകൾ വീതം സുരക്ഷ ഒരുക്കിയിരുന്നത്. ഇവരുടെ സുരക്ഷാ ചുമതലയിൽ നിന്ന് എൻഎസ്ജി ഒഴിഞ്ഞതോടെ നടപടികൾ പൂർത്തിയാകുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഭീകരവിരുദ്ധ സേനയാണ് നാഷനൽ സെക്യൂരിറ്റി ഗാർഡ്.

Read Also : നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്രം പിൻവലിച്ചു

നെഹ്‌റു കുടുംബത്തിന് 28 വർഷം നീണ്ട എസ്പിജി കാവൽ ഇല്ലാതായതിന് പിന്നാലെയാണ് ഈ മേഖലയിൽനിന്ന് എൻഎസ്ജിയെ മുഴുവനായി മാറ്റാൻ കേന്ദ്രം നടപടി കൈകൊണ്ടത്. മുൻ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിങ് യാദവ്, ചന്ദ്രബാബു നായിഡു, പ്രകാശ് സിങ് ബാദൽ, ഫറൂഖ് അബ്ദുല്ല, അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ, ബിജെപി നേതാവ് എൽകെ അഡ്വാനി തുടങ്ങിയവരുടെ സുരക്ഷയിൽ നിന്നും എൻഎസ്ജി പിന്മാറി.

ഭീകരതയും തട്ടിക്കൊണ്ടു പോകലും നേരിടുകയും തടയാനാവശ്യമായ മുൻകരുതലുകൾ എടുക്കുകയുമാണ് എൻഎസ്ജിയുടെ രൂപീകരണ ലക്ഷ്യം. അതിലേക്ക് മാത്രമായി വിദഗ്ധ സേനയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടപടി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിഐപികൾക്ക് സുരക്ഷ ഒരുക്കുമ്പോൾ ലക്ഷ്യം മാറിപ്പോകുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. വ്യക്തികളുടെ സുരക്ഷാചുമതല ഒഴിവായ സാഹചര്യത്തിൽ 450 ഓളം കമാൻഡോകളെ ഭീകരവിരുദ്ധ നടപടികൾക്ക് വിനിയോഗിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ കരുതൽ ശേഖരമായി ഉപയോഗിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here