കളിയിക്കാവിള കൊലപാതകം; ആസൂത്രണം നടന്നത് കേരളത്തിലാണെന്നു സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചു

കളിയിക്കാവിളയിലെ എഎസ്ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്നു സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. കൊലപാതകത്തിന് രണ്ടു ദിവസം മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആസൂത്രണം നടന്നത് വിതുര സ്വദേശി സെയ്‌ദ് അലി ഏർപ്പെടുത്തിയ വാടക വീട്ടിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേ സമയം പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ ബാംഗ്ലൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യ പ്രതികളായ അബ്‌ദുൾ ഷമീമും, തൗഫീക്കും തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ നെയ്യാറ്റിൻകരയിൽ നിന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം നടന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.
കൊലപാതകത്തിന് രണ്ടു ദിവസം മുൻപും പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.7,8 തീയതികൾ പ്രതികൾ നെയ്യാറ്റിൻകരയിലെ വിവിധ ഭാഗങ്ങളിൽ ആളുകളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിതുരയിൽ നിന്ന് കല്യാണം കഴിച്ച കന്യാകുമാരി സ്വദേശി സെയ്‌ദ് അലിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സെയ്‌ദ് അലി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് ആസൂത്രണം നടന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.
ഇയാളുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം സെയ്‌ദ് അലിയും ഒളിവിലാണ്. പ്രതികളുടെ ബാഗ് കൈമാറ്റത്തിലെ ദുരൂഹതയും പരിശോധിച്ച് വരികയാണ്. അതേ സമയം പ്രതികളുമായി ബന്ധമുള്ള രണ്ടു പേരെ ബാംഗ്ലൂരിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ അൽ ഉമ പ്രവർത്തകരായിരുന്നുവെന്നാണ് വിലയിരുത്തൽ.
Story Highlights: Kaliyikkavila Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here