കളിയിക്കാവിള കൊലപാതകം : മുഖ്യപ്രതികളെ തമിഴ്‌നാട് പൊലീസിന് കൈമാറി

കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യപ്രതികളെ തമിഴ്‌നാട് പൊലീസിന് കൈമാറി. ഉഡുപ്പിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിനാണ് അബ്ദുല്‍ സമീം, തൗഫീക്ക് എന്നിവരെ കൈമാറിയത്. പ്രതികളെ ഇന്നോ നാളെയോ കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18പേരെ കളിയിക്കാവിളയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് രാവിലെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പി ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉഡുപ്പിയിലെത്തിയത്. ഉഡുപ്പിയില്‍ വച്ചു തന്നെ അന്വേഷണ സംഘം പ്രതികളെ
പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തി. തുടര്‍ന്ന് ബംഗളൂരു പൊലീസ് ക്ലിയറന്‍സ് നടത്തി പ്രതികളെ കൈമാറി. പ്രതികളെ ഇന്നോ നാളെയോ തമിഴ്‌നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കളിയിക്കാവിളയിലെത്തിച്ച് തെളിവെടുപ്പടക്കമുള്ള കാര്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തീരുമാനിക്കും.
പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18 പേരെ കളിയിക്കാവിളയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, അന്വേഷണത്തില്‍ തൃപ്തരാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നിലവില്‍ ആവശ്യമില്ലെന്നും എഎസ്‌ഐ വില്‍സണിന്റെ ഭാര്യ ഏയ്ഞ്ചല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യ പ്രതികള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയോ എന്ന് പരിശോധിച്ച് വരികയാണ്. നിലവിലെ ചോദ്യം ചെയ്യലില്‍ തെളിവ് ലഭിച്ചാല്‍ പ്രതികള്‍ക്കെതിരെ കേരളത്തിലും കേസെടുക്കും.
Story Highlights- Kaliyikkavila murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here