ഇന്ത്യൻ ടി-20 പരമ്പര: പരുക്ക് വലച്ച് ന്യൂസിലൻഡ്; വില്ല്യംസൺ ടീമിൽ

ഇന്ത്യക്കെതിരായ ടി-20 പരമ്പരക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കു മൂലം ഒട്ടേറെ താരങ്ങൾ പുറത്തായപ്പോൾ നായകൻ കെയിൻ വില്ല്യംസൺ തിരികെയെത്തി. പരുക്കിനെത്തുടർന്ന് ടീമിനു പുറത്തായിരുന്ന വില്ല്യംസണിൻ്റെ മടങ്ങി വരവ് കിവീസിന് ആശ്വാസമാണെങ്കിലും മറ്റു താരങ്ങളുടെ പരുക്ക് ആശങ്കയുണർത്തുന്നുണ്ട്.

മാറ്റ് ഹെൻറി, ടോം ലാഥം, സെത് റാൻസ്, ഡഗ് ബ്രേസ്വെൽ, വിൽ യംഗ്, ആദം മിൽനെ, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ എന്നീ താരങ്ങളാണ് പരുക്കേറ്റ് ടീമിൽ നിന്നു പുറത്തായത്. വലം കൈയ്യൻ പേസർ ഹമീഷ് ബെന്നറ്റ് 2017നു ശേഷം ആദ്യമായി ടീമിൽ ഇടം കണ്ടെത്തിയതാണ് ടീമിലെ കൗതുകം. ടോം ബ്രൂസ്, സ്കോട്ട് കുഗലിൻ, ഡാരിൽ മിച്ചൽ, കോളിൻ മൺറോ, ബ്ലെയർ ടിക്ക്നർ തുടങ്ങിയ താരങ്ങളും ടീമിലെത്തിയിട്ടുണ്ട്.

ജനുവരി 24 ന് ഓക്ക്ലൻഡിലാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുക. 26നു രണ്ടാം മത്സരം നടക്കും. ജനുവരി 29, 31, ഫെബ്രുവരി 1 തീയതികളിൽ ശേഷിക്കുന്ന മത്സരങ്ങൾ അരങ്ങേറും.

അഞ്ച് ടി-20കൾക്കൊപ്പം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ന്യൂസിലൻഡിൽ ഇന്ത്യ കളിക്കുക. ടി-20ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയും മുഹമ്മദ് ഷമിയും തിരികെ എത്തിയപ്പോൾ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പുറത്തായിരുന്നു. ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യപിച്ചിട്ടില്ല.

Story Highlights: Newzealand, India, Kane Williamson, T-20നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More