ഖലീൽ അഹ്മദിന് നാലു വിക്കറ്റ്; ഇന്ത്യ എയ്ക്ക് കൂറ്റൻ ജയം

ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയുടെ മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യ എയ്ക്ക് കൂറ്റൻ ജയം. ന്യൂസിലൻഡ് ഇലവനെതിരെ നടന്ന മത്സരത്തിൽ 92 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്‌വാദ് 93 റൺസെടുത്ത് ടോപ്പ് സ്കോററായി. ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരും അർദ്ധസെഞ്ചുറികൾ നേടി. ന്യൂസിലൻഡിനു വേണ്ടി സാക് ഗിബ്സൺ നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ജേക്കബ് ഭൂല (50)യാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കു വേണ്ടി ഖലീൽ അഹ്മദ് നാലു വിക്കറ്റ് വീഴ്ത്തി.
മായങ്ക് അഗർവാൾ (8) വേഗം പുറത്തായതിനു ശേഷം അടുത്ത മൂന്ന് സ്ഥാനങ്ങളിലെ ബാറ്റ്സ്മാന്മാർ ഇന്ത്യക്കായി അർദ്ധസെഞ്ചുറികൾ നേടി. ഋതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഗില്ലും യാദവും 50 റൺസ് വീതമെടുത്ത് പുറത്തായി. അഞ്ചാം നമ്പറിലിറങ്ങിയ സഞ്ജു സാംസൺ നാലു റൺസെടുത്ത് റണ്ണൗട്ടായി. തുടർന്ന് 31 പന്തുകളിൽ 41 റൺസെടുത്ത കൃണാൽ പാണ്ഡ്യ ആണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിൽ ഓപ്പണർ ജേക്കബ് ഭൂല മാത്രമാണ് പിടിച്ചു നിന്നത്. 50 റൺസെടുത്ത ഭൂലക്കൊപ്പം ജാക്ക് ബോയിൽ (42) ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 82 റൺസ് ചേർത്തതിനു ശേഷം ഒരു ഘട്ടത്തിൽ പോലും പിടിച്ചു നിൽക്കാൻ അവർക്കായില്ല. ഡെയിൻ ക്ലീവർ (33), ഹെൻറി ഷിപ്ലെ (18), ഫിൻ അലൻ (14) എന്നിവരാണ് ന്യൂസിലൻഡിൻ്റെ മറ്റു സ്കോറർമാർ. ഇന്ത്യക്കായി ഖലീൽ അഹ്മദ് നാലു വിക്കറ്റും മുഹമ്മദ് സിറാജും കൃണാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വിജയ് ശങ്കർ, രാഹുൽ ചഹാർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ഉണ്ട്.
Story Highlights: India, Newzealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here