‘സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത് സംശയദുരീകരണത്തിന്’; ഗവർണർക്ക് സർക്കാരിന്റെ മറുപടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയിൽ വിശദീകരണം ചോദിച്ചഗവർണർക്ക്സർക്കാർ മറുപടി നൽകി. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിട്ടെത്തിയാണ്വിശദീകരണം നൽകിയത്. ഗവർണറെ മനഃപൂർവം അവഗണിച്ചതല്ലെന്നും
റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു.

തന്നെ അറിയിക്കാതെ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനം തന്നെയെന്ന് കാട്ടിയാണ് ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ്രാജ്ഭവനിലെത്തിയത്. കൂടിക്കാഴ്ച പതിനഞ്ച് മിനിട്ടോളം നീണ്ടു നിന്നു. അത്യന്തം രഹസ്യ സ്വഭാവമുണ്ടായിരുന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി സർക്കാരിന്റെ വാദം വിശദീകരിച്ചു.

ഗവർണറെഅവഗണിച്ച് മുന്നോട്ട് പോകാൻ ഉദ്ദേശമില്ലെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. സംസ്ഥാന സർക്കാർ പൗരത്വ നിയമത്തിനെതിരാണ്. നിയമവുമായി ബന്ധപ്പെട്ട് സർക്കാരിനുള്ള സംശയങ്ങളിൽ വ്യക്തത വരുത്താനാണ് സുപ്രിംകോടതിയെ സമീപിച്ചത്. നേരത്തെയും ഇത്തരം വിഷയങ്ങളിൽ ഗവർണർമാരോട് അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. വിശദീകരണം വാക്കാൽ നൽകുകയായിരുന്നുവെന്നാണ് സൂചന. നിയമസഭാ സമ്മേളനം വരുന്നതിന്റെ പശ്ചാത്തലത്തിൽ ഗവർണറുമായി കൊമ്പ് കോർക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദീകരണമാണ് ചീഫ് സെക്രട്ടറി നൽകിയത്.

ചീഫ് സെക്രട്ടറി നൽകിയ വിശദീകരണം ഗവർണർ അംഗീകരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ കടുത്ത നടപടികളിലേക്ക് രാജ്ഭവൻകടന്നേക്കില്ല. എന്നാൽ നയപ്രഖ്യാപന വേളയിൽ പൗരത്വ വിഷയത്തിൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top