Advertisement

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി; സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം

January 20, 2020
Google News 1 minute Read

സുഭാഷ് വാസുവിനെ ബിഡിജെഎസിലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. വിമത നീക്കം നടത്തിയതിനാലാണ് നടപടി. പാർട്ടി സംസ്ഥാന കൗൺസിലിന്റെതാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനം നടത്തിയാണ് വിവരം പുറത്ത് വിട്ടത്. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജി വയ്ക്കാനും കൗൺസിൽ സുഭാഷ് വാസുവിനോട് ആവശ്യപ്പെട്ടു.

Read Also: ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ഇന്ന്; സുഭാഷ് വാസുവിനെ പുറത്താക്കികൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും

സുഭാഷ് വാസു വിശദീകരണം തന്നിട്ടില്ലെന്നും അഞ്ച് കോടിയോളം രൂപ തന്റെ കള്ളഒപ്പിട്ടാണ് ലോൺ എടുത്തിരിക്കുന്നതെന്നും തുഷാർ പറഞ്ഞു. മൈക്രോ ഫിനാൻസ് തട്ടിപ്പിന്റെ കണക്കുകൾ എടുത്തുകൊണ്ടിരിക്കുകയാണ്. ജപ്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ചാണ് സാമ്പത്തിക ക്രമക്കേട് നടത്തിയിരിക്കുന്നത്. കായംകുളം കട്ടച്ചിറ കോളജിന്റെ പേരിൽ നടത്തിയത് വലിയ ക്രമക്കേടാണ്. തനിക്ക് പോലും ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയെന്നും തുഷാർ ആരോപിച്ചു.

പാർട്ടി പ്രസിഡൻറ് താനാണ് എന്ന സുഭാഷ് വാസുവിന്റെ അവകാശ വാദം തെറ്റാണെന്നും ആദ്യ യോഗത്തിൽ അദ്ദേഹം സംസ്ഥാന ജനറൽ സെക്രട്ടറി എന്നാണ് ഒപ്പിട്ടതെന്നും തുഷാർ. അദ്ദേഹത്തെ പാർട്ടിയിൽ കൊണ്ടുവന്നത് ഏറ്റവും വലിയ തെറ്റാണ്. ബിജെപി കേന്ദ്രങ്ങളുടെ പിന്തുണയും സുഭാഷ് വാസുവിന് ഇല്ലെന്നും അടുത്ത എൻഡിഎ യോഗത്തിൽ വച്ച് സുഭാഷ് വാസുവിനെ നേതൃത്വം തള്ളിപ്പറയുമെന്നും തുഷാർ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടി വന്ന ശേഷം ആ നടപടി പൂർത്തിയാക്കും. പുതിയ സ്‌പൈസസ് ബോർഡ് ചെയർമാനെ വൈകാതെ തീരുമാനിക്കുമെന്നും തുഷാർ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പേര് അപകടമരണങ്ങളിൽ സുഭാഷ് വാസു ഒരു അടിസ്ഥാനവും ഇല്ലാതെ വലിച്ച് ഇഴക്കുകയാണ്. ഗുണ്ടകളെ കൂട്ടിയാണ് സെൻകുമാറും സുഭാഷ് വാസുവും വാർത്താസമ്മേളനം നടത്തിയത്. എസ്എൻ ട്രസ്റ്റ് കോളേജുകളിൽ നിയമനത്തിന് പണം വാങ്ങുന്നു എന്നുള്ളത് പഴയ ആരോപണമാണെന്നും അതിന് ഒരടിസ്ഥാനവുമില്ലെന്നും തുഷാർ. സെൻകുമാർ ഡിജിപി ആയി ഇരുന്ന കാലത്ത് ഇതൊക്കെ അന്വേഷിക്കാമായിരുന്നു. സുഭാഷ് വാസുവിന് പകരം പുതിയ രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരെ നിയമിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംഘടനാ അച്ചടക്കം ലംഘിക്കുകയും മൈക്രോ ഫിനാസ് അടക്കമുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാവുകയും ചെയ്ത സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ ഈ മാസം 15 ന് ചേർന്ന സംസ്ഥാന കൗൺസിലിൽ തന്നെ ധാരണയായിരുന്നു. എന്നാൽ സാങ്കേതികമായി വിശദീകരണം ചോദിച്ചുള്ള കത്തിന് മറുപടി നൽകാൻ 19 വരെ സമയമുണ്ട് എന്നതിനാലാണ് പുറത്താക്കൽ പ്രഖ്യാപനം ഇന്ന് നടന്ന കൗൺസിലിലേക്ക് മാറ്റിയത്. കേസ് അടക്കമുള്ള വിഷയങ്ങളിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുഭാഷ് വാസുവിന് നൽകിയ കത്തിന് മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പുറത്താക്കൽ നടപടി ഇന്ന് പ്രഖ്യാപിച്ചത്.

 

 

subhash vasu, bdjs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here