Advertisement

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ്; കുറ്റപത്രം ഉടൻ

January 21, 2020
Google News 1 minute Read

സീറോ മലബാർ സഭാ അധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഫെബ്രുവരി ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. കേസില്‍ രണ്ട് വൈദീകരടക്കം മൂന്നു പ്രതികളുണ്ടെന്നാണ് സൂചന. രണ്ടാം പ്രതിയായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന രീതിയില്‍ വ്യാജ രേഖ ചമച്ച കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. വ്യാജ രേഖ ചമച്ച ആദിത്യ സക്കറിയയെ മുഖ്യപ്രതിയാക്കിയും എറണാകുളം-അങ്കമാലി അതിരുപതയിലെ വൈദികരായ ഫാ. പോള്‍ തേലക്കാട്, ഫാ. ടോണി കല്ലുക്കാരന്‍ എന്നിവരെ പ്രതികളാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നാണ് സൂചന.
രണ്ട് വ്യാജരേഖകളില്‍ ഒരെണ്ണം നിര്‍മ്മിച്ചത് ആദിത്യയാണെന്ന് പോലീസ് പറയുന്നു. ഐപിസി 471 പ്രകാരമായിരിക്കും കുറ്റപത്രം. കേസില്‍ മൂന്നാം പ്രതിയായ ആദിത്യയുടെ സുഹൃത്ത് വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കും. വിഷ്ണുവിന്റെ രഹസ്യമൊഴിയും പോലീസ് മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തി. കൂട്ടുപ്രതികള്‍ക്കെതിരെ വിഷ്ണു തെളിവു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഫാ. പോള്‍ തേലക്കാട്, മാര്‍ ജേക്കബ് മനത്തോടത്ത്, ആദിത്യ, ഫാ. ടോണി കല്ലുക്കാരന്‍ എന്നിവരെയാണ് പോലീസ് നേരത്തെ പ്രതിചേര്‍ത്തിരുന്നത്. ഏതാനും വൈദികരെയും ചോദ്യം ചെയ്തിരുന്നു. വൈദികരില്‍ ഒരാളുടെ പങ്ക് കൂടി പരിശോധിച്ചുവരികയാണെന്നു റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം എറണാകുളം – അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുൻ ഫിനാൻസ് ഓഫീസർ ജോഷി പുതവയെയും കേസിൽ പ്രതി ചേർത്തു. മാർച്ച് 13ന് ഇരുവരും കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം.

Story Highlights: Mar George Alancherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here