വധശിക്ഷക്കെതിരെയുള്ള നിയമപരിഹാരം തേടല്‍ അനന്തമായി നീളരുത്: സുപ്രിംകോടതി
വധശിക്ഷക്കെതിരെയുള്ള പ്രതിയുടെ നിയമപരിഹാരം തേടല്‍ അനന്തമായി നീണ്ടുപോകാനാകില്ലെന്ന് സുപ്രിംകോടതി. നിയമപരിഹാരം തേടലിന് അന്ത്യമുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ് അടക്കം ഏഴുപേരെ കൊലപ്പെടുത്തിയ പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതികളായ ഷബ്‌നവും സലീമും നടത്തുന്ന ആദ്യ കുറ്റകൃത്യമാണെന്നായിരുന്നു അഭിഭാഷകരുടെ മുഖ്യവാദം. ജയിലില്‍ ആയതോടെ പ്രതികള്‍ക്ക് മാനസാന്തരമുണ്ടായെന്നും അറിയിച്ചു.
എന്നാല്‍ കോടതികള്‍ കുറ്റകൃത്യത്തെയാണ് ശിക്ഷിക്കുന്നത്. മനുഷ്യരുടെ നിഷ്‌കളങ്കത നോക്കുകയാണെങ്കില്‍, ഏത് കൊടിയ ക്രിമിനലിനും ഒരു നിഷ്‌കളങ്ക ഹൃദയമുണ്ടായിരിക്കാം. ഹൃദയത്തിന്റെ അടിത്തട്ടില്‍ ആരും ക്രിമിനല്‍ ആയിരിക്കില്ല. ജഡ്ജി മനുഷ്യനാണെങ്കിലും കൊലപാതകികള്‍ക്ക് മാപ്പുനല്‍കില്ല. നിയമവും ജഡ്ജിയും സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റത്തിന് അനുസരിച്ച് ശിക്ഷ നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതികരിച്ചു.
വധശിക്ഷയ്‌ക്കെതിരെയുള്ള പ്രതിയുടെ നിയമപരിഹാരം തേടലിന് അന്ത്യമുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീളുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
Story Highlights: Suprem Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here