യുഎപിഎ: മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി ജയരാജൻ

യുഎപിഎ കേസ് വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പി ജയരാജൻ. യുഎപിഎ കാര്യത്തിലും വിദ്യാർത്ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കോഴിക്കോട് കെഎൽഎഫ് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞത്, അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.
സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. എന്നാൽ യുഡിഎഫിന്റെ നിലപാട് മറ്റൊന്നാണ്.
യുഎപിഎ കേസ് തങ്ങങ്ങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതേ ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ യുഎപിഎ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്. മോദി സർക്കാർ പാർലമെന്റിൽ യുഎപിഎ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസുകാരനും ഉണ്ടായിരുന്നില്ലെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
യുഎപിഎ കേസിൽപ്പെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും ചർച്ചാവിഷയമായിരിക്കയാണ്. പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐഎമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.
യുഎപിഎ കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെഎൽഎഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ എൻഐഎ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേസമയം മാവോയിസ്‌റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്. പ്രത്യേകമായി ക്യാമ്പസുകൾ.
സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. എന്നാൽ യുഡിഎഫിനോ? യുഎപിഎ കേസ് ഞങ്ങളേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതേ ചെന്നിത്തല ആഭ്യന്തരമന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ യുഎപിഎ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്. മോദി സർക്കാർ പാർലമെന്റിൽ യുഎപിഎ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം മാത്രമാണ് എതിർത്തത്. ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയിൽ യുഡിഎഫ് അണികൾ ഉൾപ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോൾ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അര സംഘിയാണ് ഇദ്ദേഹമെന്ന് കോൺഗ്രസുകാർക്ക് തന്നെ ആക്ഷേപമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here