കൊറോണ വൈറസ് ബാധ; ചൈന നേരിടുന്നത് അതിഭീകരമായ അവസ്ഥയെന്ന് പ്രസിഡന്റ് ഷീ ജിൻ പിംങ്

കൊറോണ വൈറസ് അതിവേഗം പടരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ചൈനീസ് പ്രസിഡന്റ്. രാജ്യം നേരിടുന്നത് അതിഭീകരമായ അവസ്ഥയെന്ന് ഷീ ജിൻ പിംങ് പറഞ്ഞു. വൈറസ് ബാധയിൽ മരിച്ചവർ 42 ആയി. 1400ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു.
കൊറോണ ഭീതിയെ തുടർന്ന് ആഘോഷിക്കാത്ത പുതുവർഷമാണ് ചൈനയിൽ കടന്നുപോയത്. ദേശവ്യാപകമായി പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. യാത്ര ചെയ്യുന്നവരെ പരിശോധനകൾക്ക് വിധേയരാക്കും. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വുഹാൻ നഗരം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.
പൊതുഗതാഗത സംവിധാനങ്ങളും ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ഇന്നു മുതൽ സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥറുടെ യോഗത്തിലാണ് പ്രസിഡന്റ് ആശങ്ക അറിയിച്ചത്. രാജ്യം അതീവഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഷീ ജിൻ പിംങ് പറഞ്ഞു. ചികിത്സ വൈകുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ ബാധിച്ചവരെ പരിശോധിക്കാനുള്ള രണ്ടാമത്തെ പ്രത്യേക ആശുപത്രിയുടെ പണി ഫെബ്രുവരി പകുതിയോടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. കൂടുതൽ പരിശോധനങ്ങൾക്കായി വിദഗ്ധ മെഡിക്കൽ സംഘം വുഹാനിലെത്തി. അടിയന്തരവസ്ഥ തുടരുന്ന ഹോങ്കോങ്കിൽ സ്‌കൂളുടെ അവധി നീട്ടി. ചൈനയെ കൂടാതെ രോഗം പടർന്ന ഓസ്‌ട്രേലിയ, ഫ്രാൻസ്, അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തുകയാണ് ലോകാരോഗ്യ സംഘടന അറിയിച്ചു. സ്ഥിതി വിലയിരുത്താൻ യൂറോപ്യൻ യൂണിയൻ നാളെ യോഗം വിളിച്ചു. നിലവിൽ ചൈനയടക്കം 10 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here