Advertisement

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിർത്തി കാത്ത് സൂക്ഷിക്കുന്നവർ

January 26, 2020
Google News 2 minutes Read

ഇന്ത്യന്‍ റിപ്പബ്ലിക്കിന് 71 വയസ്. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര-ജനാധിപത്യ-പരമാധികാര- റിപ്പബ്ലിക്കാണ് ഭാരതമെന്ന് ഓരോ റിപ്പബ്ലിക്ക് ദിനവും നമ്മളെ ഓര്‍മപ്പെടുത്തുന്നു. ഈ നാടിന്റെ പരമാധികാരം കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരനും അവന്റെ കടമ നിര്‍വഹിക്കുന്നതുപോലെ, മണ്ണിലും വിണ്ണിലും മഹാസമുദ്രത്തിലും ഈ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്ന കാവല്‍പ്പടയെക്കുറിച്ചും നമ്മളറിയണം. ഗ്ലോബല്‍ പവര്‍ ഇന്‍ഡെക്സില്‍ മികച്ച റാങ്കിംഗാണ് ഇന്ത്യയ്ക്ക്. അതില്‍ മികച്ച ഒന്നാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്. ലോകത്തിലെ ഏറ്റവും വലിയ വ്യോമ സേനകളില്‍ ഒന്നാണ് ഇന്ത്യയുടെ ആകാശ വിതാനങ്ങളെ കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്. വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം 2,190 ആകാശയാനങ്ങള്‍ നമ്മളെ കാത്തുരക്ഷിക്കുന്നു.

ആകാശത്തിലെ കാവൽക്കാർ

മിറാഷ് 2000

മണിക്കൂറില്‍ 2,400 കിലോമീറ്റര്‍ വേഗതയാണ് ‘മിറാഷ് 2000’ നുള്ളത്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിറാഷ്, ബാലാകോട്ട് ആക്രമണത്തിലെ പ്രധാന ഹീറോയാണ്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ പോര്‍ നായകനായിരുന്ന ‘മിറാഷ് 2000’ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി ഇപ്പോഴും നിലകൊള്ളുന്നു. ന്യൂക്ലിയര്‍ ക്രൂയിസ് മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന പോര്‍ നായകന്‍ കൂടിയാണ് ‘മിറാഷ് 2000’.

റഫാൽ

1980 കളില്‍ വികാസമാരംഭിച്ച റഫാല്‍ അടുത്തിടെയാണ് ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. ഫ്രഞ്ച്-വ്യോമ-നാവിക സേനകളും ഈജിപ്റ്റ് വായുസേനയും ഖത്തര്‍ വായു സേനയുമാണ് നിലവില്‍ റഫാല്‍ ഉപയോഗിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 165 വിമാനങ്ങള്‍ മാത്രമേ റഫാല്‍ നിര്‍മിച്ചിട്ടുള്ളു. രണ്ട് പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ യുദ്ധ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 675 കോടി രൂപയാണ് റഫാലിന്റെ വില. മണിക്കൂറില്‍ 1,912 കിലോമീറ്ററാണ് വേഗത. മള്‍ട്ടിറോള്‍ പോര്‍ വിമാനമാണിത്. രാത്രിയും പകലും ഒരേപോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട് ഈ യുദ്ധവീരന്മാര്‍ക്ക്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ചത് റഫാലാണ്.

മിഗ് 29

സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച സൂപ്പര്‍ സോണിക് ജെറ്റ് വിമാനമാണ് ‘മിഗ് 29’. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്നു മിഗ്. 1985 ലാണ് മിഗ് വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. നിരവധി നവീകരണങ്ങള്‍ക്ക് വിധേയമായ മിഗ് വിമാനത്തിന്റ വേഗത മണിക്കൂറില്‍ 2,400 കിലോമീറ്ററാണ്. ശത്രുരാജ്യത്തിന്റെ പോര്‍ വിമാനങ്ങളെ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുകയാണ് പ്രധാന ദൗത്യം. ദൂര പരിധി ഒറ്റപ്പറക്കലില്‍ 1430 കിലോമീറ്റര്‍. കാര്‍ഗില്‍ യുദ്ധത്തിലെ സുപ്രധാന താരമായിരുന്ന ‘മിഗ് 29’ലാണ് ഇന്ത്യയുടെ വീരപുത്രനായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ശത്രു വിമാനങ്ങളെ തുരത്താന്‍ പാകിസ്താന്‍ അതിര്‍ത്തി കടന്നുപോയതും.

പരമാധികാരത്തെ മണ്ണിൽ കാത്തു സൂക്ഷിക്കുന്നവർ

14 ലക്ഷം കാവല്‍ ഭടന്മാര്‍ ഉറങ്ങാതിരുന്നാണ് ഇന്ത്യന്‍ പരമാധികാരത്തെ മണ്ണില്‍ കാത്തു സൂക്ഷിക്കുന്നത്. ഈ കാവല്‍ ഭടന്മാര്‍ക്ക് ശക്തിയായി കൂടെയുള്ളത് ഇവരാണ്…

അർജുൻ ടാങ്ക്

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിര്‍മിത മെയിന്‍ ബാറ്റില്‍ ടാങ്കാണ് അര്‍ജുന്‍ ടാങ്ക്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ടാങ്ക്. 120 മില്ലിമീറ്റര്‍ റൈഫിള്‍ തോക്കും അതിനോട് ചേര്‍ന്ന് ഘടിപ്പിച്ച 7.62 മില്ലി മീറ്റര്‍ യന്ത്രതോക്കും മറ്റൊരു 12.7 മില്ലിമീറ്റര്‍ വിമാനവേധ തോക്കുമാണ് ഇതിലെ പ്രധാനപ്പെട്ട ആയുധങ്ങള്‍. റോഡിലെ വേഗത 70 കിലോ മീറ്റര്‍ ആണെങ്കില്‍ ചതുപ്പു നിലങ്ങളില്‍ 43 കിലോ മീറ്ററാണ് പരമാവധി വേഗത.

നാഗ് മിസൈൽ

ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ അത്യാധുനിക മിസൈലാണ് നാഗ്. ടാങ്കുകള്‍ ആക്രമിച്ച് കീഴടക്കാന്‍ കരുത്തനാണ് നാഗ്. മൂന്ന് പരീക്ഷണങ്ങളിലും പൂര്‍ണ വിജയമായിരുന്നു. രാജസ്ഥാനിലെ പൊക്രാന്‍ മരുഭൂമിയിലായിരുന്നു പരീക്ഷണം. രാത്രിയും പകലും ഒരു പോലെ ടാങ്കുകള്‍ കൃത്യമായി ആക്രമിച്ച് തകര്‍ക്കാന്‍ ഇതിനു ശേഷിയുണ്ട്. 524 കോടി രൂപയാണ് മിസൈലിന്റെ നിര്‍മാണച്ചെലവ്.

കെ ഫോർ ബാലിസ്റ്റ്ക് മിസൈൽ

നാഗിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള മിസൈലാണ് കെ ഫോര്‍ ബാലിസ്റ്റിക്. ആന്ധ്ര തീരത്തു നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. 3,500 കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് വെള്ളത്തിനടിയില്‍ നിന്ന് കരയിലേക്ക് പോകാനുള്ള ശേഷിയുണ്ട്.

അഗ്നി

5000 കിലോ മീറ്റര്‍ വരെ പറന്നെത്തി ആണവായുധം പ്രയോഗിക്കാന്‍ ശേഷിയുള്ള അഗ്‌നി ബാലിസ്റ്റിക് മിസൈല്‍. ആറാം നിര്‍ണായക പരീക്ഷണത്തിലാണ് ഡിആര്‍ഡിഒ അഗ്‌നി വിജയിപ്പിച്ചെടുക്കുന്നത്. ഇന്ത്യയുടെ മിസൈലുകളില്‍ കരുത്തുറ്റ ഒന്നാണിത്. അന്തരീക്ഷത്തിലൂടെ കുതിക്കുമ്പോള്‍ വായുവില്‍ ഉരസി മിസൈലിന്റെ ഉപരിതല താപനില 4,000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഇതു മൂലം മിസൈലിലെ കമ്പ്യൂട്ടര്‍ നിയന്ത്രിത ഉപകരണങ്ങളിലുണ്ടാകുന്ന നാശം ചെറുക്കാന്‍ അത്യാധുനികമായി ഫൈബറില്‍ വികസിപ്പിച്ചെടുത്ത പ്രത്യേക കവചമാണ് ഉപയോഗിച്ചിരിക്കുന്നത്. 5,800 കിലോ മീറ്ററാണ് ദൂര പരിധി. ഭാരം 50 ടണ്‍.

പരമാധികാരത്തെ കടലാഴങ്ങളിൽ സംരക്ഷിക്കുന്നവർ

ഐഎൻഎസ് ചക്ര

റഷ്യന്‍ നിര്‍മിത ഐഎന്‍എസ് ചക്ര എന്ന ആണവ അന്തര്‍ വാഹിനിക്ക് ജലോപരിതലത്തില്‍ നിന്ന് 600 മീറ്റര്‍ താഴെ നിന്നുകൊണ്ടാണ് ഓപ്പറേഷന്‍സ് നടത്താന്‍ കഴിയുക. ആണവ റിയാക്ടറാണ് ഇതിന്റെ പ്രധാന കേന്ദ്രം. 8,140 ടണ്‍ ഭാരമുള്ള ആണവ അന്തര്‍ വാഹിനിക്ക് 30 നോട്‌സ് വേഗതയാണുള്ളത്. കപ്പല്‍ കടന്നു പോകുന്ന ചാലുകളിലെല്ലാം ഭീതി വിതയ്ക്കാന്‍ കഴിവുള്ള ഐഎന്‍എസ് ചക്രയ്ക്ക് 73 ജീവനക്കാരുമായി 100 ദിവസം വരെ 600 മീറ്റര്‍ താഴെ കടലിനടിയില്‍ കഴിയാന്‍ സാധിക്കും.

ഐഎൻഎസ് വിക്രമാദിത്യ

23 ഡക്കുകളില്‍ 19.82 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ഐഎന്‍എസ് വിക്രമാദിത്യ 45,000 ടണ്‍ കേവ് ഭാരമുള്ള റഷ്യന്‍ നിര്‍മിതിയാണ്. യുഎസ് സൂപ്പര്‍ ക്യാരിയറുകള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ശക്തമായ വിമാന വാഹിനിയാണ്. 40 പോര്‍ വിമാനങ്ങളെ ഒരേ സമയം ചുമലിലേറ്റാന്‍ കഴിവുള്ള ഐഎന്‍എസ് വിക്രമാദിത്യ ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും വലിയ കരുത്താണ്.

കടലിലും കരയിലും ആകാശത്തും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചു നിര്‍ത്തുന്ന ഈ പോരാളികളെ സ്മരിച്ചുകൊണ്ടാകട്ടെ ഓരോ റിപബ്ലിക് ദിനവും നമ്മളാഘോഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here