മുത്തൂറ്റിലെ തൊഴിൽ തർക്കം; മൂന്നാംവട്ട ചർച്ചയും പരാജയം

മുത്തൂറ്റിലെ തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ ചേർന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു.
ചർച്ചയിൽ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഫെബ്രുവരി ആറാം തീയതി വീണ്ടും പ്രശ്‌ന പരിഹാരത്തിനായി ചർച്ച നടത്തും. ഫെബ്രുവരി 7നാണ് ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കുക.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ഇത് മൂന്നാം തവണയാണ് മുത്തൂറ്റ് പ്രശ്‌നം പരിഹരിക്കാൻ ചർച്ച നടത്തുന്നത്. മൂന്നാം വട്ട ചർച്ചയിലും ഒത്തുതീർപ്പ് സാധ്യതകൾ ഫലം കണ്ടില്ല. ഹൈക്കോടതി മധ്യസ്ഥന്റേയും ലേബർ കമ്മീഷണറുടേയും നേതൃത്വത്തിൽ ഇരു വിഭാഗത്തെ ഒരുമിച്ചിരുത്തിയും അല്ലാതെയും ചർച്ച നടത്തി. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തിയത് പ്രതീക്ഷനൽകുന്നുണ്ടെന്ന് സിഐടിയു നേതാക്കൾ പ്രതികരിച്ചു.

പ്രശ്‌ന പരിഹാരത്തിനായി അഡീ. ലേബർ കമ്മീഷണർ മുന്നോട്ടുവച്ച നിർദേശങ്ങൾ മനേജ്‌മെന്റിനെ അറിയിക്കുമെന്ന് മുത്തൂറ്റ് പ്രതിനിധികൾ പറഞ്ഞു. പിരിച്ചുവിട്ട 167 തൊഴിലാളികളേയും തിരിച്ചെടുക്കാൻ മുത്തൂറ്റ് മനേജ്‌മെന്റ് തയ്യറായിട്ടില്ല. മുത്തൂറ്റ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി ഏഴാം തീയതിയാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ഈ സാഹചര്യത്തിൽ ആറാം തീയതി വീണ്ടും ചർച്ച നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top