ബ്യൂട്ടി പാർലർ മാനേജറുടെ കൊലപാതകം; പ്രതി ചണ്ടി രുദ്ര പിടിയിൽ

ബ്യൂട്ടി പാർലർ മാനേജർ വിജയ് ശ്രീധരനെ കൊലപ്പെടുത്തിയ പ്രതി ചണ്ടി രുദ്ര പിടിയിൽ. സെക്കന്തരാബാദിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ നാളെ കൊച്ചിയിൽ എത്തിക്കും.
ഇക്കഴിഞ്ഞ 25 നാണ് എടച്ചിറയിലുള്ള മസ്‌ക്കി ബ്യൂട്ടി പാർലർ മനേജറായിരുന്ന വിജയ് ശ്രീധരനെ പാർലറിലെ ജീവനക്കാരനായിരുന്ന ചണ്ടി രുദ്ര കുത്തി കൊലപ്പെടുത്തിയത്. മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബ്യൂട്ടി പാർലറിലെ ജീവനക്കാർ ഒരുമിച്ച് താമസിച്ചിരുന്ന തെങ്ങോടുള്ള വീട്ടിൽവച്ചാണ് വിജയിയെ ചണ്ടി രുദ്ര കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതി ചണ്ടി രുദ്രക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ നാട്ടിലേക്ക് കടന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൻഫോ പാർക്ക് എസ് ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം സെക്കന്തരാബാദിലേക്ക് വ്യാപിപ്പിച്ചത്.
ഇവിടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ചണ്ടി രുദ്ര പൊലീസ് പിടിയിലായത്. നാളെ രാവിലെ കൊച്ചിയിൽ എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Story Highlights- Kakkanad, beauty parlor, manager murdered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here