നിർഭയ കേസിൽ വീണ്ടും ദയാഹർജി

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകും. പ്രതികളിലൊരാളായ വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയ സാഹചര്യത്തിലാണ് വധശിക്ഷ വൈകുക. അതേസമയം, രാഷ്ട്രപതി ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രിംകോടതി തള്ളി.
അഭിഭാഷകൻ മുഖേന വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതോടെ ഫെബ്രുവരി ഒന്നിലെ വധശിക്ഷ നടപ്പാക്കാൻ സാധിക്കില്ല. രാഷ്ട്രപതിക്ക് നൽകിയ ഹർജി വൈകാതെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനം എടുത്താൽ 14 ദിവസത്തിന് ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. നേരത്തെ മറ്റൊരു പ്രതിയായ മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജിയിലെ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് രാവിലെയാണ് തള്ളിയത്.
അതിനിടെ വധശിക്ഷ ശരിവച്ച സുപ്രിംകോടതി വിധിക്കെതിരെ നിർഭയ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് കുമാർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഫെബ്രുവരി ഒന്നിന് പുലർച്ചെ ആറ് മണിക്ക് വധശിക്ഷ നടത്താനാണ് പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here