Advertisement

കൊറോണ; തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഐസൊലേഷൻ വാർഡ് തുടങ്ങും

January 30, 2020
Google News 1 minute Read

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഐസൊലേഷൻ വാർഡു തുടങ്ങും. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയിച്ചു.

രോഗം സംശയിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷം മാത്രമേ രോഗം പൂർണമായും സ്ഥിരീകരിക്കാൻ കഴിയൂ. എന്നാൽ ആദ്യ ഘട്ട പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നിരീക്ഷണവും ജാഗ്രതയും കർശനമാക്കാനാണ് തീരുമാനം. മുൻ അനുഭവങ്ങളിൽ നിന്നുള്ള കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കൊറോണ ബാധയുള്ള സ്ഥലങ്ങളിൽ നിന്നും വന്നവർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദ്യാർത്ഥിക്കൊപ്പം ആശുപത്രിയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. വിദ്യാർത്ഥി ആരൊക്കെയുമായി ഇടപഴകില്ലെന്നത് കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൈനയിൽ നിന്നും വന്നവരും അവരുമായി ഇടപഴകിയവരും ഉൾപ്പെടെ 806 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിലെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗവും ചേർന്നു. ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും തൃശൂരിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Story Highlights- Thrissur Medical College, Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here