കൊറോണ വൈറസ്; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. വൈറസുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കൊറോണ ബാധയേറ്റ വിദ്യാര്‍ത്ഥിനി യാത്രയിലും മറ്റും ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷിക്കും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 15 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 15 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.
Story Highlights: Corona virus infection, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here