Advertisement

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകുമോ കേന്ദ്ര ബജറ്റിന്…?

January 31, 2020
Google News 1 minute Read

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രധന മന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ രണ്ടാം ബജറ്റില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നാളെ രാവിലെ 11 ന് നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. എല്ലാ വിഭാഗങ്ങളുടെയും  പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കില്ല ബജറ്റെന്നാണ് വിലയിരുത്തലുകള്‍.

വളര്‍ച്ച കുറഞ്ഞതുമൂലം വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ധനമന്ത്രി എന്ന നിലയില്‍ അവതരിപ്പിക്കാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും ആദായ നികുതി ഇളവോ സ്ലാബുകളില്‍ മാറ്റമോ പ്രതീക്ഷയിലുണ്ട്. ജനങ്ങള്‍ കൂടുതല്‍ പണം ചെലവാക്കിയാല്‍ മാത്രമേ ജിഡിപി വളരൂ എന്നതുകൊണ്ട് നികുതിഭാരം കുറയ്ക്കും എന്നാണ് പ്രതീക്ഷകള്‍. തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതി, പാര്‍പ്പിട പദ്ധതികള്‍ എന്നിവയ്ക്ക് പ്രത്യേക വിഹിതം കിട്ടിയേക്കും.

സാമ്പത്തിക മുരടിപ്പ് നേരിടാന്‍ നടപടികളില്ലെന്ന് വിമര്‍ശിക്കപ്പെട്ട കഴിഞ്ഞ ബജറ്റിന് ശേഷമാണ് കോര്‍പറേറ്റ് നികുതിയില്‍ ഇളവും ബാങ്കിംഗ് മേഖലകളെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികളുമെല്ലാം നടന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് രാജ്യത്തിന്റെ വഴിമാറ്റേണ്ടത് സര്‍ക്കാരിന്റെ അടിയന്തര രാഷ്ട്രീയമാണ്. അതിനാല്‍ തന്നെ സാധാരണക്കാരെ സ്വാധീനിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കും സാധ്യതയുണ്ട്.

അതേസമയം, ബജറ്റ് സമ്മേളനം കാര്യക്ഷമമാക്കാന്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ബജറ്റ് സമ്മേളനത്തിന്റെ ആമുഖമായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പൗരത്വ പ്രക്ഷോഭത്തില്‍ രാജ്യം തിളച്ച് മറിഞ്ഞ് നില്ക്കുമ്പോള്‍ ബജറ്റ് സമ്മേളനത്തിലെ സര്‍ക്കാര്‍ നയമെന്തെന്ന രാഷ്ട്രീയ നിരിക്ഷകരുടെ ജിജ്ഞാസയ്ക്ക് ഉത്തരം നല്കുന്നതായിരുന്നു സര്‍വകക്ഷിയോഗം. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന സമീപനമാകും സര്‍ക്കാര്‍ തന്ത്രമാകുക. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വിഷയം ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം അംഗികരിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴുമുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ തടസവാദങ്ങള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ടതാകും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സര്‍വേ തയാറാക്കിയത്.

Story Highlights: budget 2020, nirmala sitharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here