Advertisement

ചികിത്സക്കു പകരം പ്രാർത്ഥന; മെഡിക്കൽ സംഘത്തെ കുഴക്കി ചൈനയിൽ നിന്നെത്തിയെ പെൺകുട്ടി

February 1, 2020
Google News 1 minute Read

കൊറോണ വൈറസ് പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഉണർന്നു പ്രവർത്തിക്കുകയാണ്. ഇതിനിടെ ചൈനയിൽ നിന്നെത്തിയ പെൺകുട്ടി ചികിത്സക്കു പകരം പ്രാർത്ഥന മതി എന്ന് വാശിപിടിച്ചത് മെഡിക്കൽ സംഘത്തെ കുഴക്കി. ഒടുവിൽ മൂന്നു മണിക്കൂറോളം നീണ്ട ബോധവത്കരണത്തിനു ശേഷമാണ് പെൺകുട്ടി ചികിത്സക്ക് തയ്യാറായത്.

നേരത്തെ, തൃശൂരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം നാട്ടിലെത്തിയതാണ് ഈ പെൺകുട്ടി. നാട്ടിൽ എത്തിയതിനു ശേഷം പനി ബാധിച്ചു. എന്നാൽ ആശുപത്രിയിൽ പോകാനോ ചികിത്സ തേടാനോ ശ്രമിക്കുന്നതിനു പകരം പെൺകുട്ടി പ്രാർത്ഥനയുമായി തുടരുകയായിരുന്നു.

ഇതിനിടെ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയോട് ബന്ധപ്പെട്ടവരുടെ പട്ടിക മെഡിക്കൽ സംഘം തയ്യാറാക്കിയിരുന്നു. പട്ടികയിൽ നിന്നാണ് ഈ പെൺകുട്ടിയെപ്പറ്റിയുള്ള വിവരം ലഭിച്ചത്. പട്ടികയിൽ ഉണ്ടായിരുന്ന മറ്റ് 52 പേരും ചികിത്സക്ക് തയ്യാറായെങ്കിലും ഈ പെൺകുട്ടി ചികിത്സക്ക് തയ്യാറായില്ല. വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തതുമില്ല. തുടർന്ന് മെഡിക്കൽ സംഘം പെൺകുട്ടിയുടെ വീട്ടിൽ നേരിട്ട് എത്തുകയായിരുന്നു.

വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി ചികിത്സക്ക് തയ്യാറാവാതെ പ്രാർത്ഥനയുമായി കഴിയുന്ന കാഴ്ച കണ്ടത്. ഇതേത്തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ സംഘം ബോധവത്കരണം നടത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ബോധവത്കരണത്തിനു ശേഷം കുട്ടി ചികിത്സക്ക് തയ്യാറാവുകയായിരുന്നു. ബോധവത്കരണ ശ്രമം വിജയിച്ചില്ലെങ്കിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിക്കാനായിരുന്നു നീക്കം.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലാണ്. 1421 പേര്‍ വീടുകളിലും 50 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്.

Story Highlights: Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here