പരമ്പരാഗത ചൈനീസ് മരുന്ന് കൊറോണ ബാധയെ ചെറുക്കുമെന്ന് ചൈന ; ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്ധര്‍

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പരമ്പരാഗത ചൈനീസ് മരുന്ന് സഹായകരമാകുമോ?. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്. പാരമ്പര്യ ഔഷധ പാനീയം കൊറോണ ബാധയെ ചെറുക്കും എന്ന വാര്‍ത്ത ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലനുസരിച്ച് കൊറോണ എന്ന വൈറസിനെ തടയാനോ ചികിത്സിക്കാനോ പ്രത്യേക മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല.
പനി, ചുമ, തൊണ്ടവേദന രോഗങ്ങള്‍ക്ക് സാധാരണയായി ചൈനയില്‍ ഉപയോഗിക്കുന്ന ഷുവാങ്വാങ്ലിയന്‍ ഓറല്‍ ലിക്വിഡിന് മാരകമായ വൈറസിനെ തടയാന്‍ സാധിക്കുമെന്നാണ് സിന്‍ഹുവ പുറത്ത് വിട്ട വാര്‍ത്ത. ഷാങ്ഹായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയ മെഡിക്കയും വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കൊറോണ ബാധ ചെറുക്കുന്ന മരുന്ന് കണ്ടെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തയുടെ ശാസ്ത്രീയ അടിത്തറ ചോദ്യം ചെയ്ത് രാജ്യാന്തര മാധ്യമങ്ങളും ആരോഗ്യ വിദഗ്ധരും രംഗത്തെത്തി.
മരുന്നിന്റെ ശാസ്ത്രീയ അടിത്തറയെ പറ്റി സ്ഥിരീകരണത്തിന് കാത്ത് നില്‍ക്കാതെ ചൈനയില്‍ പാരമ്പര്യ മരുന്ന് കച്ചവടം തകൃതിയായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിലുള്ള ക്ലിനിക്കല്‍ തെളിവുകള്‍ ഈ കണ്ടെത്തലിന് പിന്നിലുണ്ടോ എന്ന ചോദ്യവുമായി നിരവധി ചൈനീസ് വിദഗ്ധരും ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തെത്തി. ചൈനീസ് ഓഹരി വിപണിയില്‍ ഔഷധ നിര്‍മാതാക്കളുടെ ഓഹരി മൂല്യം ഉയര്‍ത്തുന്നതിനായുള്ള ശ്രമമാണ് വാര്‍ത്തയ്ക്ക് പിന്നില്‍ എന്നും ആക്ഷേപമുണ്ട്.
ചൈനയിലുടനീളമുള്ള മരുന്ന് കടകളുടെ മുന്നില്‍ ഷുവാങ്വാങ്ലിയാന്‍ വാങ്ങാനായി ആളുകളുടെ നീണ്ട നിരയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. എന്നാല്‍ മരുന്നിനെ പറ്റി ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
സമാനമായ രീതിയില്‍ കൊറോണ ബാധയ്‌ക്കെതിരെ മരുന്ന് കണ്ടെത്തി എന്ന അവകാശവാദവുമായി തായ്‌ലന്റും രംഗത്തെത്തി. എച്ച്‌ഐവി അടക്കമുള്ള വൈറല്‍ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ മിശ്രിതം കൊറോണയെ ഫലപ്രദമായി ചെറുക്കുമെന്നാണ് തായ്‌ലാന്റിന്റെ വാദം. കൊറോണ വൈറസ് ബാധിച്ച 71 കാരിയില്‍ മരുന്നുകളുടെ മിശ്രിതം 48 മണിക്കൂര്‍ കൊണ്ട് ഫലമുണ്ടാക്കി എന്നാണ് തായ്‌ലാന്റ് ആരോഗ്യവകുപ്പ് മാധ്യമങ്ങളെ അറിയിച്ചത്.
ചൈനയില്‍ ഇതുവരെ 361 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം ചൈനയില്‍ 57 പേര്‍ രോഗം ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മരിച്ച 57 പേരും ചൈനയിലെ ഹുബൈയില്‍ നിന്നുള്ളവരാണ്. 17,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,829 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.
Chinese patent drug containing herbal medicines Shuanghuanglian oral liquid could help contain #novelcoronavirus, according to a joint research between Shanghai Institute of Materia Medica and #Wuhan Institute of Virology. pic.twitter.com/lx4Iixk2tw
— Global Times (@globaltimesnews) January 31, 2020
Story Highlights- Traditional Chinese medicine, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here