നാളെ ഇന്ത്യക്കായി അരങ്ങേറ്റക്കാർ ഓപ്പൺ ചെയ്യും; രാഹുൽ അഞ്ചാം നമ്പറിൽ തന്നെ

ന്യൂസിലൻഡിനെതിരെ നാളെ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ അരങ്ങേറ്റ താരങ്ങൾ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. യുവതാരങ്ങളായ മായങ്ക് അഗർവാളും പൃഥ്വി ഷായുമാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തന്നെ ഓപ്പണിംഗ് ജോഡി ആവുക. ഇരുവരും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി ഓപ്പണർമാരായിട്ടുണ്ട്.

ശിഖർ ധവാനും രോഹിത് ശർമ്മയും പരുക്കേറ്റ് പുറത്തായതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പുതിയ ഓപ്പണിംഗ് ജോഡിയെ പരീക്ഷിക്കുന്നത്. ലോകേഷ് രാഹുൽ ഓപ്പണർ ആയേക്കുമെന്ന സൂചന ഉണ്ടായിരുന്നു എങ്കിലും ക്യാപ്റ്റൻ വിരാട് കോലി പുതിയ ഓപ്പണിംഗ് ജോഡിയെ പരീക്ഷിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. രാഹുൽ അഞ്ചാം നമ്പറിൽ ഇറങ്ങും. അതുകൊണ്ട് തന്നെ ഋഷഭ് പന്തിന് അവസാന ഇലവനിൽ സ്ഥാനം ഉണ്ടാവില്ല.

അവസാന ടി-20യിലാണ് രോഹിതിനു പരുക്കേറ്റത്. മൂന്ന് എകദിനങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. പകരം മായങ്ക് അഗർവാളും ശുഭ്മൻ ഗിമാണ് എത്തിയത്. മായങ്ക് ഏകദിന ടീമിലും ഗിൽ ടെസ്റ്റ് ടീമിലുമാണ് കളിക്കുക. ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്നതാണ് മായങ്കിനു തുണയായത്. ന്യൂസിലൻഡ് എക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറി അടിച്ചതാണ് ഗില്ലിനെ ടീമിലെത്തിച്ചത്. ഇരുവരും ഇന്ത്യ എ പര്യടനത്തിൻ്റെ ഭാഗമായി ന്യൂസിലൻഡിൽ തന്നെ ഉണ്ട്.

ഈ മാസം അഞ്ച് മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരക്ക് ശേഷം ഫെബ്രുവരി 21ന് ടെസ്റ്റ് പരമ്പരയും ആരംഭിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്.

Story Highlights: Prithvi Shaw, Mayank Agarwal, India, New Zealand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top