കൊറോണ വൈറസ് ബാധ; കാസറഗോഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ ആശുപത്രി വിട്ടു

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ ആശുപത്രി വിട്ടു. നിലവിൽ 98 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 96 പേര്‍ വീടുകളിലും രോഗം സ്ഥിരീകരിച്ച ആളുള്‍പ്പെടെ രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 20 പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചതില്‍ 14 എണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ നില പൂർണ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

അതേ സമയം, കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇത്തരം കുടുംബങ്ങളില്‍ നിന്നും സ്‌കൂളില്‍ പോകുന്ന കുട്ടികളും ജീവനക്കാരുമുണ്ടാകാം. അവരുടേയും സ്‌കൂളിലെ മറ്റ് കുട്ടികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2435 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 93 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലും നിരീക്ഷണത്തിലുമായുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

Story Highlights: Corona Virus Infection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top