കൊറോണ വൈറസ് : ചൈനീസ് ഡോക്ടറുടെ മരണത്തില്‍ ചൈനയില്‍ വ്യാപക പ്രതിഷേധം

കൊറോണ വൈറസ് സംബന്ധിച്ച് ആദ്യം സംശയമുന്നയിച്ചവരിലൊരാളായ ചൈനീസ് ഡോക്ടറുടെ മരണത്തില്‍ ചൈനയില്‍ വ്യാപക പ്രതിഷേധം. മരിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങിനെ അഭ്യൂഹങ്ങള്‍ പരത്തുന്നുവെന്ന് ആരോപിച്ച് പൊലീസ് പീഡിപ്പിച്ചെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡോ. ലീ വെന്‍ലിയാങ് കൊറോണ മൂലം മരിച്ചു എന്ന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ദനായിരുന്നു 34 കാരനായ ലീ വെന്‍ലിയാങ്. ലീയുടെ മരണവാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ലീയുടെ അന്ത്യത്തില്‍ ദുഖവും രോക്ഷവും പ്രകടമാക്കി ആയിരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങളിട്ടിട്ടുള്ളത്.

ഡിസംബര്‍ മാസത്തിലായിരുന്നു ലീ വെന്‍ലിയാങ് കൊറോണ വൈറസിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. ചൈനയിലെ സമൂഹമാധ്യമ ആപ്പായ വി-ചാറ്റിലെ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി ഗ്രൂപ്പിലാണ് ഇദ്ദേഹം കൊറോണ വൈറസിന്റെ സൂചന നല്‍കിയത്. വുഹാനിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ ജോലിക്കാരായ ഏഴ് പേരില്‍ പുതിയ തരം വൈറസ് കണ്ടെത്തിയതായാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. മുന്‍പ് ഒട്ടേറെ മരണത്തിന് കാരണമായ സാര്‍സ് രോഗബാധയുണ്ടാക്കിയ കൊറോണ വൈറസിന് സമാനമാണ് പുതിയ വൈറസ് എന്നായിരുന്നു ലീയുടെ സന്ദേശം. സ്വകാര്യ ഗ്രൂപ്പിലെ സന്ദേശമായിരുന്നുവെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ അഭ്യൂഹങ്ങള്‍ പരത്തി എന്നാരോപിച്ച് ലീയെ വുഹാന്‍ പൊലീസ് ചോദ്യം ചെയ്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

 

Story Highlights-  Corona virus, Widespread protests, Chinese doctor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top