Advertisement

വിജയിയെ ലക്ഷ്യംവയ്ക്കുന്നത് ആര് ?

February 7, 2020
Google News 1 minute Read

പി പി ജെയിംസ്

തമിഴ്‌നാട് രാഷ്ട്രീയവും സിനിമയും ഇഴപിരിക്കാന്‍ ആവാത്തവിധം കൂടിക്കലര്‍ന്നിട്ട് നാളേറെയായി. അതുകൊണ്ട് തന്നെ സൂപ്പര്‍താരം വിജയിയുടെ വീട്ടിലെ റെയ്ഡിനും രാഷ്ട്രീയമാനം കൈവരുന്നത് സ്വാഭാവികം. ആദായനികുതി ഉദ്യോഗസ്ഥര്‍ 30 മണിക്കൂറാണ് നടന്‍ വിജയിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വിജയ് നായകനായെത്തിയ ബിഗില്‍ സിനിമയുടെ നിര്‍മാതാക്കള്‍, വിതരണക്കാര്‍, സാമ്പത്തിക സഹായികള്‍ എന്നിവരുടെ ചെന്നൈ, മധുര ഓഫീസുകളില്‍ നടന്ന റെയ്ഡുകളിലായി കണക്കില്‍ പെടാത്ത 77 കോടി കണ്ടെടുത്തു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ റെയ്ഡുമായി ബന്ധപ്പെട്ട കൃത്യമായ വിവരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണോ  വിജയിക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.

തമിഴ്നാട്ടില്‍ എം ജി ആറും കരുണാനിധിയും ശിവാജി ഗണേശനും തുടക്കമിട്ട ഈ സിനിമാ രാഷ്ട്രീയം ജയലളിത വഴി ഇപ്പോള്‍ കമലഹാസനും രജനീകാന്തും വരെ എത്തി നില്‍ക്കുകയാണ്. തമിഴ് സിനിമയിലെ ഇളമുറക്കാരില്‍ അധികാര കസേരയില്‍ കണ്ണുവച്ചിരിക്കുന്നത് ദളപതി വിജയ് ആണ്.

ഓരോ വിജയ് സിനിമയുടെ തിരക്കഥയിലും അധികാര രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പുകളുണ്ട്. തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ദളപതിയുടെ ശക്തി. ഒരുപക്ഷേ, രജനീകാന്തിന്റെ ആരാധക വൃന്ദം പോലും ഇപ്പോള്‍ വിജയ്ക്കും സൂപ്പര്‍സ്റ്റാര്‍ അജിത്തിനും ചുറ്റുമാണ്. എന്നാല്‍ രജനീകാന്തും അജിത്തും ഇപ്പോള്‍ ബിജെപിയുടെ എതിരാളികളല്ല. വിജയ് ആകട്ടെ സിനിമയ്ക്ക് അകത്തും പുറത്തും ബിജെപിക്കെതിരെ കടുത്ത രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നത്. ഇതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാണ് വിജയ്. വിജയ് നായകനായെത്തിയ ബിഗില്‍ മൂന്നറ്കോടിയുടെ വന്‍നേട്ടം ഉണ്ടാക്കിയതോടെ ആദായനികുതി വകുപ്പിന് കാര്യങ്ങള്‍ എളുപ്പമായി.

അതേസമയം, തമിഴ്സിനിമാ ലോകത്ത് മറ്റൊരു കഥ കൂടി പ്രചരിക്കുന്നുണ്ട്. രജനീകാന്തിന്റെ രണ്ട് സിനിമകള്‍ ബോക്സ് ഓഫീസില്‍ പരാജയമായതിനെ തുടര്‍ന്നുണ്ടായ ചില സംഭവങ്ങളാണ് ഈ റെയ്ഡിന് പിന്നില്‍ എന്നാണ് സംസാരം. സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നൂറുകോടിയിലേറെ രൂപയുടെ നഷ്ടമാണ് രജനീകാന്തിനും കൂട്ടര്‍ക്കും സംഭവിച്ചത്. ഈ തുക കടം കൊടുത്തതാകട്ടെ വിജയ്യുടെ ബിഗിലിന് പണമിറക്കിയ അന്‍പുചെഴിയാനാണ്. നൂറുകോടി തിരിച്ച് ചോദിച്ച് അന്‍പുചെഴിയാന്‍ രജനീകാന്തിനെ ചൊറിഞ്ഞതാണ് ഇപ്പോഴത്തെ സംഭവികാസങ്ങളുടെ തുടക്കമത്രെ.

Read Also : പരിശോധന നീണ്ടത് 30 മണിക്കൂർ; വിജയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു

രജനീകാന്തിന്റെ ഉപദേശകനും ബിജെപിയുടെ സൈദ്ധാന്തിക പത്രാധിപരുമായ ഗുരുമൂര്‍ത്തിയുടെ ഇടപെടലോടെയാണ് കാര്യങ്ങള്‍ ഗുരുതരമായത്. രജനീകാന്തിന്റെ പരാതിയില്‍ അന്‍പുചെഴിയാനെ കുടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ വിജയ് വരെ എത്തിനില്‍ക്കുന്നത്. അന്‍പുചെഴിയാനെ കൂട്ടിലാക്കി വിജയിയെ വശത്താക്കാനുള്ള തന്ത്രമായും ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്.

രാഷ്ട്രീയത്തില്‍ ചാഞ്ചാടുന്ന സ്വാഭാവം വിജയിക്കുണ്ടെന്ന വിലയിരുത്തലിലാണ് ബിജെപി നീക്കങ്ങള്‍. നേരത്തെ അണ്ണാ ഡിഎംകെയുമായി അടുപ്പത്തിലായ വിജയ് പിന്നീട് ഡിഎംകെയുമായി അടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദസംഭാഷണത്തിനും ഇളയദളപതി തയാറായി. അങ്ങനെയെങ്കില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വിജയ്യെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള കരുനീക്കം ബിജെപി നടത്തും. വഴങ്ങുന്നില്ലെങ്കില്‍ ബിജെപിക്കെതിരെ സിനിമയിലും പുറത്തും ആഞ്ഞടിക്കുന്ന നിലപാട് നിര്‍ത്താന്‍ ആവശ്യപ്പെടാനാണ് സാധ്യത. അറസ്റ്റ് ഒഴിവാക്കാന്‍ ഈ സമ്മര്‍ദ്ദത്തിന് വിജയ് വഴങ്ങുമോ എന്നാണ് അറിയേണ്ടത്. ആരാധകരെ അനുനയിപ്പിച്ച് നിര്‍ത്തി തന്ത്രപരമായാണ് വിജയ് ചുവട് വയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരും സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. വിജയ്യുടെ ആരാധകലക്ഷങ്ങളെ പിണക്കി അറസ്റ്റിലേക്ക് നീങ്ങാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടാവില്ല. അന്‍പുചെഴിയാന്‍ വഴങ്ങിയാല്‍ തത്കാലം പ്രശ്നങ്ങള്‍ അവസാനിച്ചേക്കാം. എന്നാല്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ സ്വന്തം അജണ്ട ലക്ഷ്യംവയ്ക്കുന്ന ബിജെപി വെറുതെയിരിക്കാന്‍ സാധ്യതയില്ല. റെയ്ഡുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ദ്രാവിഡ പാര്‍ട്ടികളും സൂക്ഷിച്ച് വീക്ഷിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here