മികച്ച തുടക്കം കളഞ്ഞുകുളിച്ച് ഗിൽക്രിസ്റ്റ് ഇലവൻ; ബുഷ്‌ഫയർ മത്സരത്തിൽ പോണ്ടിംഗ് ഇലവന് ഒരു റൺ ജയം

ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തിയ ബുഷ്ഫയർ ക്രിക്കറ്റ് മത്സരത്തിൽ പോണ്ടിംഗ് ഇലവനു ജയം. ഒരു റണ്ണിനാണ് പോണ്ടിംഗ് ഇലവൻ ജയിച്ചു കയറിയത്. പോണ്ടിംഗ് ഇലവൻ്റെ 105 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മികച്ച തുടക്കമാണ് ഗിൽക്രിസ്റ്റും ഷെയിൻ വാട്സണും ചേർന്ന് ഗിൽക്രിസ്റ്റ് ഇലവനു നൽകിയത്. ഫ്രാഞ്ചസി ക്രിക്കറ്റിൽ ഇപ്പോഴും സജീവമായ ഷെയിൻ വാട്സൺ 9 പന്തുകളിൽ രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 33 റൺസെടുത്ത് റിട്ടയർഡ് ഔട്ടായി. 3 ഓവറിൽ 49 എന്ന നിലയിൽ നിന്ന് റൺ നിരക്ക് താഴ്ന്നു. ആഡം ഗിൽക്രിസ്റ്റ് (11 പന്തുകളിൽ 17) ലുക്ക് ഹോഡ്ജിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. ബ്രാഡ് ഹോഡ്ജ് (0), യുവരാജ് (2) എന്നിവർ അഞ്ചാം ഓവറിൽ ബ്രെറ്റ് ലീക്ക് മുന്നിൽ വീണു.

പിന്നീട് 13 പന്തുകളിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 29 റൺസെടുത്ത സൈമണ്ട്സ് വീണ്ടും ഗിൽക്രിസ്റ്റ് ഇലവനു പ്രതീക്ഷ നൽകി. സൈമണ്ട്സ് 29ൽ നിൽക്കെ റിട്ടയർഡ് ഔട്ടായി. അവസാന ഓവറിൽ 17 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ 15 റൺസ് മാത്രമേ ഗിൽക്രിസ്റ്റ് ഇലവന് എടുക്കാനായുള്ളൂ. കാമറൂൺ സ്മിത്ത് (5), നിക്ക് റീവോൾട്ട് (9) എന്നിവർ പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 104 റൺസെടുത്തത്. 30 റൺസെടുത്ത ബ്രയാൻ ലാറയാണ് പോണ്ടിംഗ് ഇലവൻ്റെ ടോപ്പ് സ്കോറർ.

Story Highlights: Bushfire Cricketനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More